കാസര്‍കോട്: കാസര്‍കോട് കീഴൂരില്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സന്ദീപ്, കാര്‍ത്തിക്ക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. മൂവരുടെയും മൃതദേഹം കോട്ടിക്കുളം ഭാഗത്ത് കരയ്ക്കടിയുകയായിരുന്നു.  ഏഴംഗ സംഘം മത്സ്യബന്ധനത്തിനായി പോയ വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്. 

ഇതില്‍ നാല് പേരെ ഞായറാഴ്ച തന്നെ രക്ഷപ്പെടുത്തിയിരുന്നു. അപകടത്തില്‍ രക്ഷപ്പെട്ടവര്‍ നിസാര പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറിഞ്ഞ ബോട്ടില്‍ പിടിച്ച് കിടക്കുകയായിരുന്നു ഇവര്‍.

ഞായറാഴ്ച രാവിലെ ആറ് മണിയോടെണ് കാസര്‍കോട് ഹാര്‍ബറിന് സമീപം ശക്തമായ തിരയില്‍പ്പെട്ടാണ് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടമുണ്ടായത്. 

അപകടച്ചുഴിയുടെ സങ്കടതീരത്ത്

കാസര്‍കോട് മത്സ്യബന്ധന തുറമുഖത്തെ ഇരു പുലിമുട്ടിന്റെയും നീളം 1000 മീറ്ററായി നീട്ടാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് 2017 സെപ്റ്റംബര്‍ 14-ന് നിയമസഭാ സമിതി അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ കേട്ടശേഷമാണ് മുന്‍ എം.എല്‍.എ. സി. കൃഷ്ണന്‍ ചെയര്‍മാനായിരുന്ന സമിതി ഇക്കാര്യം പ്രഖ്യാപിച്ചത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. സമിതി അംഗമായിരുന്നു. അതിനുള്ള നടപടി തുടങ്ങിയിരുന്നെങ്കിലും പുണെയിലെ വിദഗ്ധസംഘം പരിശോധിച്ച് പുലിമുട്ട് നിര്‍മാണത്തില്‍ അപാകമില്ലെന്നാണ് വിധിയെഴുതിയതെന്ന് എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു. പദ്ധതിക്കായുള്ള ഫണ്ട് ഇല്ലാതായതും അതുമായി മുന്നോട്ട് പോകുന്നതിന് തടസ്സമായതായും അദ്ദേഹം വിശദീകരിച്ചു. പുതിയ പദ്ധതിക്ക് ടെന്‍ഡറായിട്ടുണ്ടെന്നും എം.എല്‍.എ. പറഞ്ഞു.

എന്നാല്‍, കാസര്‍കോടിന്റെ തീരം കടലിലെ അപകടവാര്‍ത്തകള്‍ കേട്ടുകൊണ്ടിരിക്കുന്നു. ജൂണ്‍ 21-നാണ് നീലേശ്വരം അഴിത്തലയില്‍നിന്ന് ഒഴുക്കുവല ഉപയോഗിച്ച് മീന്‍പിടിക്കാന്‍ പോയ ഫൈബര്‍തോണി തകര്‍ന്നത്. തൈക്കടപ്പുറം ഹക്കീമിന്റെ നബീന്‍മോന്‍ എന്ന തോണിയാണ് തകര്‍ന്നത്. അഞ്ചുപേരെയാണ് അന്നതില്‍നിന്ന് രക്ഷിച്ചത്. ഫിഷറീസ് വകുപ്പിന്റെ രക്ഷാബോട്ടാണ് തൊഴിലാളികളുടെ രക്ഷയ്ക്ക് എത്തിയത്.

2019 ഒക്ടോബര്‍ 30-ന് കുമ്പള കോയിപ്പാടി കടപ്പുറത്തുനിന്ന് മീന്‍പിടിക്കാന്‍ പോയവരുടെ തോണിയും കടലില്‍ മറിഞ്ഞിരുന്നു. അതിലുണ്ടായിരുന്ന മൂന്നുപേരും നീന്തിരക്ഷപ്പെടുകയായിരുന്നു. ഇതേ ദിവസം തന്നെ നീലേശ്വരം അഴിത്തലയില്‍ തോണി മറിഞ്ഞ് നാലുപേര്‍ നീന്തിരക്ഷപ്പെട്ടു. 2013 സെപ്റ്റംബര്‍ 13-ന് പുലര്‍ച്ചെ ബേക്കല്‍ പുതിയകടപ്പുറത്ത് പത്തുപേരുമായി കടലില്‍ പോയ മീന്‍പിടിത്ത ബോട്ട് മറിഞ്ഞ് ഒരാളെ കാണാതായിരുന്നു. കീഴൂര്‍ കടപ്പുറത്തെ ദാസനെയാണ് കാണാതായത്.

2016 സെപ്റ്റംബര്‍ 11-ന് കോട്ടിക്കുളം തൃക്കണ്ണാട് കടപ്പുറത്തും ഫൈബര്‍ തോണി അപകടത്തില്‍ പെട്ടിരുന്നു. മീന്‍ പിടിച്ച് വരുമ്പോഴായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന പത്തുപേരും നീന്തിരക്ഷപ്പെടുകയായിരുന്നു.

കൃത്യം നാലുമാസം മുമ്പ് മാര്‍ച്ച് നാലിനാണ് നെടുകെ ഒടിഞ്ഞ തോണിയില്‍നിന്ന് അഞ്ചുപേരെയും തീരദേശ പോലീസ് അര്‍ധരാത്രി രക്ഷിച്ച് കരയിലെത്തിച്ച ആശ്വാസവാര്‍ത്ത കേട്ടത്. മടക്കരയില്‍നിന്ന് പുറപ്പെട്ട മറിയം എന്ന തോണി കീഴൂരില്‍നിന്ന് എട്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് അപകടത്തില്‍ പെട്ടത്.

രക്ഷാപ്രവര്‍ത്തനം വൈകിയത് സര്‍ക്കാരിന്റെ വീഴ്ച- കെ. ശ്രീകാന്ത്

കീഴൂര്‍ കടപ്പുറത്ത് തോണി അപകടത്തില്‍പ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ സാധിക്കാത്തത് സര്‍ക്കാരിന്റെ വീഴ്ചയും അവഗണനയുമാണെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് ആരോപിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനാവശ്യമായ യന്ത്രവത്കൃതബോട്ടുകളോ രക്ഷാ ഉദ്യോഗസ്ഥരോ ജില്ലയില്‍ ഇല്ല. കരാര്‍ അടിസ്ഥാനത്തിലെടുത്ത രക്ഷാബോട്ട് ഉപയോഗശൂന്യമാണ്. രക്ഷാപ്രവര്‍ത്തനത്തിലെ വീഴ്ച അന്വേഷിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അനാസ്ഥ-ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം

കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കുതിലുള്‍പ്പെടെ ഫിഷറീസ് വകുപ്പിന്റെ ഭാഗത്ത് വലിയ അനാസ്ഥയെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍ പുതിയവളപ്പ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ടി.കെ. കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ശശികുമാര്‍, ഉമേശന്‍ കാഞ്ഞങ്ങാട്, പി.വി. അനില്‍കുമാര്‍, സുഗുണന്‍ തൈക്കടപ്പുറം, പി.വി. രമേശന്‍ എന്നിവര്‍ സംസാരിച്ചു.

കുറുംബ ഭഗവതി ക്ഷേത്ര പരിധിയില്‍ ഇന്നു പൊതു മുടക്കം

കാഞ്ഞങ്ങാട്: കസബ കടപ്പുറത്തെ തോണി അപകടത്തിന്റെ പശ്ചാത്തലത്തില്‍ അജാനൂര്‍ കടപ്പുറം കുറുംബാ ഭഗവതിക്ഷേത്ര പരിധിയില്‍ വരുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള എല്ലാ സമുദായാംഗങ്ങള്‍ക്കും തിങ്കളാഴ്ച പൊതു മുടക്കമായിരിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി അറിയിച്ചു

കടലിലെ മീന്‍പിടിക്കാന്‍ ബസില്‍ യാത്ര!
കടലിലെ മീന്‍പിടിക്കാന്‍ ബസില്‍ പോകുന്നവരാണ് കാസര്‍കോട് കസബ കടപ്പുറത്തെ തൊഴിലാളികള്‍. ചന്ദ്രഗിരിയുടെ അഴിമുഖത്ത് പണിത പുലിമുട്ടാണ് ഈ ദുരിതത്തിന് കാരണമെന്ന് ഇവര്‍ പറയുന്നു. ബേക്കല്‍ പള്ളിക്കരയിലേക്ക് പുലര്‍ച്ചെ ബസില്‍ പോയാണ് കാസര്‍കോട്ടെ മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ കടലിലിറങ്ങിയിരുന്നത്.

കടലിലേക്ക് തോണിയിറക്കാനും തിരിച്ചുവരാനുമാണ് പുലിമുട്ട് നിര്‍മിക്കുന്നത്. എന്നാല്‍, ഇവിടെ അത് തിരിച്ചുകടിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ അനുഭവങ്ങള്‍ വിവരിച്ച് വ്യക്തമാക്കുന്നു. പുലിമുട്ടിന്റെ വീതി കുറവും നേരത്തേ തോണിയിറക്കിയിരുന്ന ഭാഗത്ത് മണലിടിഞ്ഞതുമാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്.

വീതിയില്ലാത്തതിനാല്‍ തോണി കുറച്ച് പാളിയാല്‍ കല്ലിലിടിച്ച് തകരുന്നു. രണ്ടും മൂന്നും ലക്ഷം ചെലവഴിച്ചാണ് അത് നന്നാക്കിയെടുക്കുന്നത്. മണലടിഞ്ഞതിനാല്‍ വടക്കുഭാഗത്ത് തോണിയിറക്കാനാകുന്നില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നു.

തെക്കുഭാഗത്ത് വെള്ളം കുറഞ്ഞാല്‍ ക്രെയിന്‍ ഉപയോഗിച്ചോ തലച്ചുമടായോ തോണി എടുത്ത് മറുവശത്തെത്തിച്ച് ഉന്തി കടലിറക്കണമെന്നും അവര്‍ പറയുന്നു. തീര്‍ന്നില്ല. പുലിമുട്ടിന്റെ നീളം കുറഞ്ഞതിനാല്‍ തിരയുടെ ശക്തി കുറയുന്നില്ല. അത് അപകടസാധ്യത കൂട്ടുന്നു.

പുലിമുട്ടുകള്‍ തമ്മിലുള്ള അകലം 150 മീറ്ററെങ്കിലുമാക്കിയാല്‍ തോണികള്‍ക്ക് സുഗമമായി യാത്രചെയ്യാമെന്ന് മത്സ്യത്തൊഴിലാളികള്‍ നിര്‍ദേശിക്കുന്നു. വടക്കേ പുലിമുട്ട് ആയിരം മീറ്ററും തെക്കുഭാഗത്തേത് 900 മീറ്ററും ആക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

Content Highlight: Body of missing fisherman found