കൊച്ചി:  ന്യൂസീലന്‍ഡിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശിനി അന്‍സിയുടെ  മൃതദേഹം നാട്ടിലെത്തിച്ചു. പുലര്‍ച്ചെ 3.30-ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. രാവിലെ ഒമ്പത് മണിക്ക് കൊടുങ്ങല്ലൂര്‍ കമ്മ്യൂണിറ്റി ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കബറടക്കും. 

മാര്‍ച്ച് 15 വെള്ളിയാഴ്ചയാണ് ന്യൂസീലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ മുസ്ലീം പള്ളികളില്‍ ഭീകരാക്രമണമുണ്ടായത്. വെടിവെപ്പില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ അമ്പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്ന് പിറ്റേദിവസമാണ് കൊടുങ്ങല്ലൂര്‍ സ്വദേശിനിയും വെടിവെപ്പില്‍ കൊല്ലപ്പെട്ടെന്ന വിവരം ലഭിച്ചത്. ഭര്‍ത്താവിനൊപ്പം ന്യൂസീലന്‍ഡില്‍ കഴിഞ്ഞിരുന്ന അന്‍സി ലിന്‍കോണ്‍ സര്‍വകലാശാലയില്‍ അഗ്രിബിസിനസ് വിദ്യാര്‍ഥിയായിരുന്നു. സംഭവദിവസം പള്ളിയിലെത്തിയ അന്‍സി ആക്രമണം കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വെടിയേറ്റ് വീഴുകയായിരുന്നു. ഇതേസമയം പള്ളിയുടെ മറ്റൊരുഭാഗത്ത് പ്രാര്‍ഥനയിലായിരുന്ന അന്‍സിയുടെ ഭര്‍ത്താവ് അബ്ദുള്‍നാസര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 

അന്‍സിയുടെ ഭര്‍ത്താവ് അബ്ദുള്‍നാസര്‍ ന്യൂസീലന്‍ഡില്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. രണ്ടുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. പരേതനായ കരിപ്പാക്കുളം അലിബാവയുടെയും റസിയയുടെയും മകളാണ് അന്‍സി. സഹോദരന്‍ ആസിഫ്.

Content Highlights: Body of Keralite woman killed in NZ mosque attack brought home on Monday