തൃപ്രയാര്‍: നാല് കുടുംബങ്ങളുടെ സന്തോഷം സംരക്ഷിക്കാന്‍ കാരണമായത് ബി.ടെക് വിദ്യാര്‍ഥിയായ ദേവാംഗിന്റെ ഡ്രോണ്‍. തളിക്കുളം തമ്പാന്‍കടവില്‍നിന്ന് കടലില്‍പ്പോയി കാണാതായവരെ കണ്ടെത്തുന്നതിന് സഹായവുമായി മുന്നോട്ടു വരുകയായിരുന്നു ദേവാംഗ്.

തളിക്കുളത്തെ അമൂല്യ ജ്വല്ലറി ഉടമ കൊപ്രക്കളം എരണേഴത്ത് സുബിലിന്റെ മകനാണ് 18-കാരനായ ദേവാംഗ്. ബെംഗളൂരു ക്രൈസ്റ്റ് സര്‍വകലാശാലയിലാണ് പഠിക്കുന്നത്. പഠനാവശ്യത്തിനായാണ് ഡ്രോണ്‍ വാങ്ങിയത്. കോവിഡ് മൂലം പഠനം വീട്ടിലായതോടെ സ്ഥിരമായി തമ്പാന്‍കടവില്‍ ഡ്രോണിന്റെ ഉപയോഗം പരിശീലിക്കാറുണ്ട്. വീട്ടിലിരിക്കുമ്പോള്‍ അച്ഛനാണ് അപകടവിവരം വിളിച്ചുപറയുന്നത്. സഹായിക്കാന്‍ പറ്റുമെങ്കില്‍ ചെയ്യാനും പറഞ്ഞു. തന്റെ കൈവശമുള്ള ഡ്രോണുമായി ദേവാംഗ് തമ്പാന്‍കടവിലേക്ക് കുതിച്ചു. അവിടെയെത്തി ഗീതാ ഗോപി എം.എല്‍.എ.യോട് തിരയാന്‍ കൂടെപ്പോകാന്‍ സന്നദ്ധനാണെന്നു പറഞ്ഞു.

വാടാനപ്പള്ളി എസ്.ഐ. കെ.ജെ. ജിനേഷിനോട് എം.എല്‍.എ. ഇക്കാര്യം പറഞ്ഞു. എസ്.ഐ. അനുമതി നല്‍കി. വിഷ്ണുമായ വഞ്ചിയില്‍ ഡ്രോണുമായി ദേവാംഗ് കയറി. ആദ്യമായാണ് കടലില്‍ പോകുന്നതെന്നതിനാല്‍ പേടിയുണ്ടായിരുന്നുവെന്ന് ദേവാംഗ് പറഞ്ഞു. ആദ്യമായി കടലില്‍ പോയത് നാല് ജീവനുകള്‍ രക്ഷിക്കാനാണെന്നതില്‍ സന്തോഷമുണ്ട്. മത്സ്യത്തൊഴിലാളികളെ കാണാതായ സ്ഥലത്ത് തിരച്ചില്‍ നടത്തിയിരുന്ന ബോട്ടില്‍ കയറിയാണ് ഡ്രോണ്‍ പ്രവര്‍ത്തിപ്പിച്ചത്. നമ്പിക്കടവ് ബീച്ചില്‍ തിരിച്ചെത്തിയ ദേവാംഗിനെ ഗീതാ ഗോപി എം.എല്‍.എ. പൊന്നാടചാര്‍ത്തി അനുമോദിച്ചു.

തമ്പാന്‍കടവ് അറപ്പ പരിസരത്തുനിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് മീന്‍പിടിക്കാന്‍ പോയ പറശ്ശിനിക്കടവ് മുത്തപ്പന്‍ വഞ്ചിയാണ് മുങ്ങിയത്. വഞ്ചിയിലുണ്ടായിരുന്ന ഉടമകൂടിയായ തമ്പാന്‍കടവ് സ്വദേശി ചെമ്പനാടന്‍ കുട്ടന്‍ (60), കുട്ടന്‍പാറന്‍ സുബ്രഹ്മണ്യന്‍ (60), ഇടശ്ശേരി ബീച്ച് ചെമ്പനാടന്‍ വിജയന്‍ (55), നമ്പിക്കടവ് അറക്കവീട്ടില്‍ ഇക്ബാല്‍ (50) എന്നിവരെയാണ് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടിനുമിടയില്‍ രക്ഷിച്ച് കരയ്‌ക്കെത്തിച്ചത്. അതുവരെ പ്ലാസ്റ്റിക് കന്നാസിലും ടാങ്കിലും ബക്കറ്റിലും പിടിച്ച് കടലില്‍ കിടക്കുകയായിരുന്നു ഇവര്‍.