മംഗളൂരു/കോഴിക്കോട്: മംഗളൂരുവിന് സമീപം പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര് മരിച്ചു. അപകടത്തില്‍ കാണാതായ 11 പേരില്‍ രണ്ടുപേരെ കോസ്റ്റ് ഗാര്‍ഡും മറ്റുള്ളവരും ചേര്‍ന്ന് രക്ഷപ്പെടുത്തി.ബംഗാള്‍ സ്വദേശി സുനില്‍ദാസ്(34) തമിഴ്നാട് സ്വദേശി വേല്മുരുകന്(37) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ബാക്കി ഒമ്പത് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്‍നിന്ന് മത്സ്യബന്ധനത്തിനായി പോയ റബ്ബ എന്ന ബോട്ടാണ് മംഗളൂരു തീരത്തുനിന്ന് 43 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.05-ഓടെയായിരുന്നു സംഭവം. സിംഗപ്പൂരില്‍നിന്നുള്ള എം.വി എപിഎല്‍ ലീ ഹാവ് റേ എന്ന ചരക്ക് കപ്പലാണ് ബോട്ടില്‍ ഇടിച്ചതെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്നവിവരം. അപകടമുണ്ടാക്കിയ കപ്പല്‍ സംഭവസ്ഥലത്തുതന്നെ തുടരുകയാണ്.
ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടില്‍ ആകെ 14 തൊഴിലാളികളാണുണ്ടായിരുന്നത്. ഇതില്‍ ഏഴ് പേര് തമിഴ്നാട് കുളച്ചല്‍ സ്വദേശികളും മറ്റുള്ളവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്.
തിരച്ചിലിനായി കോസ്റ്റ് ഗാര്‍ഡിന്റെ മൂന്ന് കപ്പലുകളും ഹെലികോപ്റ്ററും രംഗത്തുണ്ട്. കര്‍ണാടക കോസ്റ്റല്‍ പോലീസും തീരസംരക്ഷണ സേനയും തിരച്ചിലില്‍ പങ്കെടുക്കുന്നു.
സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കര്‍ണാടക പോലീസുമായി ബന്ധപ്പെട്ടെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പ്രതികരിച്ചു. രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: boat accident in mangalore sea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..