കൊച്ചി: കൊച്ചി കപ്പല്‍ ശാലയില്‍ അറ്റക്കുറ്റപ്പണിക്ക് കൊണ്ടു വന്ന കപ്പലില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ചു തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാഗര്‍ ഭൂഷണണെന്ന ഒ.എന്‍.ജി.സി കപ്പലിലെ വാട്ടര്‍ ടാങ്കിലാണ് പൊട്ടിത്തെറി ഉണ്ടായത്. 

മരിച്ച അഞ്ച് പേരും മലയാളികളാണ്. എരൂര്‍ സ്വദേശികളായ കണ്ണന്‍, ഉണ്ണി, വൈപ്പിന്‍ സ്വദേശി റംസാദ്, കോട്ടയം സ്വദേശി ഗവിന്‍, തേവര സ്വദേശി ജയന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

കപ്പലിലെ തീയണച്ചിട്ടുണ്ടെന്ന് കൊച്ചി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കപ്പലിനുള്ളില്‍ തിരച്ചില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശോധനയില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് കണ്ടെത്തി. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുകശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നും കമ്മീഷണര്‍ അറിയിച്ചു. 

വെല്‍ഡിംഗിനിടെ അപകടമുണ്ടായതെന്നാണ് പ്രഥമിക സൂചന. പരിക്കേറ്റവരെയടക്കം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. 

Kochi
കൊച്ചി കപ്പല്‍ശാലയിലെ അപകടത്തില്‍ പെട്ടവരെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കൂടി നില്‍ക്കുന്നവര്‍. ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍.

കപ്പല്‍ ശാലയ്ക്കുള്ളിലേയും പുറത്തുനിന്നുമെന്ന് അഗ്നിശമന സേനകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. അപകടത്തെ കുറിച്ച് കപ്പല്‍ശാല അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.