കൊല്ലം: ശാസ്താംകോട്ടയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഭീഷണിയുമായി കോണ്‍ഗ്രസ് നേതാവ്. ഡോക്ടറെ ആശുപത്രിക്ക് പുറത്ത് നേരിടുമെന്ന് കൊല്ലം ഡിസിസി സെക്രട്ടറി ആശുപത്രി സൂപ്രണ്ടിനോട് ഭീഷണി മുഴക്കുന്ന ശബ്ദരേഖ പുറത്തുവന്നു. 

ആദ്യം പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറാണ് ശാസ്താംകോട്ട താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ഷഹാന മുഹമ്മദിനെ വിളിച്ച് സംസാരിക്കുന്നത്. അതിന് ശേഷം ഫോണ്‍ കാഞ്ഞിരവിളം അജയകുമാറിന് കൈമാറുകയായിരുന്നു. താന്‍ അഭിഭാഷകനും ഡിസിസി ജനറല്‍ സെക്രട്ടറിയുമാണെന്ന് പറഞ്ഞായിരുന്നു അജയകുമാര്‍ സംസാരം ആരംഭിച്ചത്. പിന്നീട് മര്‍ദനമേറ്റ ഡോക്ടറോട് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടണമെന്നായി. തുടര്‍ന്നായിരുന്നു ഭീഷണി മുഴക്കിയത്. ആശുപത്രിയില്‍ മാത്രമേ ഡോക്ടര്‍മാര്‍ക്ക് പ്രൊട്ടക്ഷന്‍ ഉള്ളു എന്നും ഡോക്ടറെ പുറത്ത് നേരിടുമെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് കോള്‍ അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഇത് ഭീഷണി ആയിരുന്നില്ലെന്നും ആശുപത്രിക്ക് പുറത്ത് പ്രതിഷേധിക്കുന്ന കാര്യമാണ് പറഞ്ഞതെന്നും അജയകുമാര്‍ പ്രതികരിച്ചു. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം അക്രമങ്ങള്‍ ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടാകുന്നുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ സംഭവത്തെ അപലപിച്ചിരുന്നു.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. എം.ഗണേശിനെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ മര്‍ദിച്ചത്. കിണറ്റില്‍വീണ വയോധികയുടെ മരണം സ്ഥിരീകരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ തടിച്ചുകൂടിയതോടെ മണിക്കൂറോളം സംഘര്‍ഷാവസ്ഥയായി. ഒടുവില്‍ പോലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്.