മംഗലാപുരം: പശുവിനെ കടത്തിയെന്ന് ആരോപിച്ച് കര്‍ണാടകത്തിലെ ഉഡുപ്പിയില്‍ പ്രവീണ്‍ പൂജാരിയെ കൊലപ്പെടുത്തിയത് പ്രവീണിന്റെ സുഹൃത്തുക്കളെന്ന് വെളിപ്പെടുത്തല്‍. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പ്രവീണിന്റെ ബന്ധുക്കളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ഇരുമ്പുവടികൊണ്ട് മര്‍ദ്ദിച്ച് ക്രൂരമായാണ് പ്രവീണിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു.

ബുധനാഴ്ച രാത്രിയാണ് പശുവിനെ കടത്തിയെന്നാരോപിച്ച് ഗോ സംരക്ഷകരായ ഒരു കൂട്ടം ആളുകള്‍ പ്രവീണിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. പ്രവീണിന്റെ വാഹനത്തില്‍ മൂന്നു പശുക്കളെ കൊണ്ടുപോകുന്നതിനിടെ, പശുക്കളെ കൊല്ലാന്‍ കൊണ്ടുപോകുകയായിരുന്നു എന്ന് ആരോപിച്ചാണ് കൊല നടത്തിയത്. ഹിന്ദു ജാഗരണ വേദികെ പ്രവര്‍ത്തകരായ 18 പേരാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്. 

കൊലപാതികകളായി പോലീസിന്റെ പിടിയിലുള്ള എല്ലാവരും പ്രവീണിന്റെ നാട്ടുകാരും സുഹൃത്തുകളുമായിരുന്നന്നാണ് വീട്ടുകാര്‍ പറയുന്നത്. പലരെയും വര്‍ഷങ്ങളായി പരിചയമുണ്ട്. പ്രവീണിന്റെ വീട്ടില്‍ വരികയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യാറുള്ളവരാണ് ഇവര്‍. പ്രവീണ്‍ നടത്തുന്ന കടയില്‍ നിത്യസന്ദര്‍ശകരുമായിരുന്നു ഇവര്‍. എന്നിട്ടും എന്തിനാണ് അവര്‍ തന്റെ മകനോട് ഈ ക്രൂരത കാട്ടിയതെന്ന് അറിയില്ലെന്ന് പ്രവീണിന്റെ അമ്മ ബേബി പൂജാരി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ബ്രഹ്മവാര്‍ കെഞ്ചേരുവിലെ സ്‌കൂളിനു സമീപം ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഇരുമ്പു ദണ്ഡും കൂര്‍ത്ത ഇരുമ്പുവടികളും കൊണ്ട് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ പ്രവീണ്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു.