കെ.സുരേന്ദ്രൻ | Photo: Mathrubhumi
തിരുവനന്തപുരം: ജനങ്ങൾക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചാണ് പിണറായി സർക്കാർ എട്ടാം വർഷത്തിലേക്ക് കടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഭരണത്തകര്‍ച്ചയും അരാജകത്വവും മാത്രമാണ് ഇടത് സർക്കാരിന്റെ കൈമുതലെന്ന് കെ. സുരേന്ദ്രൻ ആരോപിച്ചു. 4,000 കോടിയോളം രൂപയുടെ അധിക നികുതിയാണ് എട്ടാം വർഷത്തിൽ ചുമത്തിയത്. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏർപ്പെടുത്തിയതോടെ ഉപ്പുതൊട്ട് കർപ്പൂരം വരെ എല്ലാത്തിനും വിലകൂടിയിരിക്കുകയാണ്. സമാനതകളില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും നടത്തി ഈ സർക്കാർ കേരളത്തെ തകർക്കുകയാണ്. പിണറായി സർക്കാരിൻ്റെ എല്ലാ വകുപ്പുകളും പൂർണ പരാജയമാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി
എഐ ക്യാമറ അഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലാണ്. ഇന്ത്യയിൽ ഏറ്റവും സംഘടിതമായ അഴിമതി നടക്കുന്ന സംസ്ഥാനമായി കേരളം മാറി കഴിഞ്ഞിരിക്കുന്നു. താനൂർ ബോട്ടപകടം സർക്കാർ സ്പോൺസേർഡ് ദുരന്തമാണ്. 22 പേരെ സർക്കാർ കൊലയ്ക്ക് കൊടുത്തതാണെന്നും അദ്ദേഹം ആരോപിച്ചു.
മലപ്പുറം കീഴ്‌ശ്ശേരിയില്‍ ബിഹാറി ആദിവാസി യുവാവിനെ ആൾക്കൂട്ടം വിചാരണ ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ലോകത്തിന് മുമ്പിൽ കേരളത്തെ നാണംകെടുത്തുന്നതായിരുന്നു. ഇതിന് മുമ്പും സമാനമായ രീതിയിൽ അട്ടപ്പാടിയിൽ മധുവിനെയും കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത് വച്ച് വയനാട് സ്വദേശിയായ വിശ്വനാഥനെയും ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു. ആദിവാസി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ കേരളത്തിൽ വർധിക്കുകയാണ്. സർക്കാർ ശക്തമായ നടപടിയെടുക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. 2022ൽ മാത്രം 18,943 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകൾ വിവിധ തരം അതിക്രമങ്ങൾക്ക് വിധേയമാവുന്നുണ്ടെന്നാണ് കണക്ക്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പിടിയിലാവുന്നവരിൽ ഭൂരിപക്ഷവും ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
Content Highlights: BJP will lead mass agitation against Govt says K. Surendran


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..