കാസര്‍കോട്:സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ഇത്തവണ ചരിത്രത്തില്‍ ആദ്യമായി ശക്തമായ ത്രികോണ മത്സരമാണ് നടന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേരളത്തില്‍ ഇടതും വലതും മാത്രമല്ല ശക്തമായ മൂന്നാം ബദല്‍ ജനപിന്തുണയാര്‍ജിച്ച് മുന്നോട്ടുവരുന്നു എന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
'സാധാരണ നിലയില്‍ കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളും എല്‍ഡിഎഫും യുഡിഎഫും മാത്രമായി അവസാനഘട്ടത്തില്‍ മത്സരം മാറുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായി ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും വളരെ ശക്തമായിട്ടുളള ത്രികോണ മത്സരമാണ് ഇത്തവണ നടന്നത്. എന്‍ഡിഎ പല മണ്ഡലങ്ങളിലും കരുത്ത് തെളിയിച്ച് മുന്നോട്ട് പോയി എന്നുളളതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. സംസ്ഥാനത്തിന്റെ ഭാവി രാഷ്ട്രീയത്തിലേക്ക് വലിയ സംഭാവനകള്‍ നല്കുന്ന ചരിത്രപരമായ ഒരു വിധിയെഴുത്താണ് ഇന്നലെ നടന്നത്. തിരഞ്ഞെടുപ്പിന്റെ ഫലം വളരെ വലിയ പ്രതീക്ഷ നല്കുന്നു. തിരഞ്ഞെടുപ്പിന്റെ ഫലം വരുമ്പോള്‍ കേരള രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിക്കുന്ന ശക്തമായ സാന്നിധ്യമായി കേരള നിയമസഭയില്‍ എല്‍ഡിഎ ഉണ്ടാകും. എന്‍ഡിഎയും ബിജെപിയും ഒരു വലിയ ശക്തിയായി ഉയര്‍ന്നുവരും.' കെ.സുരേന്ദ്രന് പറഞ്ഞു.
യു.ഡി.എഫ്-എല്‍ഡിഎഫ് ധാരണ അതിജീവിച്ച് എന്‍ഡിഎ മുന്നോട്ടുപോകുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു. 'മുല്ലപ്പളളി രാമചന്ദ്രന് എല്‍ഡിഎഫിന്റെ പരസ്യ പിന്തുണ അഭ്യര്‍ഥിച്ചു. പല മണ്ഡലങ്ങളിലും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിക്കാതിരിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ നീക്കുപോക്കുകള്‍ അണിയറയിലും അരങ്ങിലും സജീവമായിരുന്നു. അതിനെ അതിജീവിച്ച് ജനപിന്തുണയോടെ എന്‍ഡിഎ ഈ തിരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കും.'