മേജർ രവി | മാതൃഭൂമി
കൊച്ചി: മേജര്‍ രവിയെ അനുനയിപ്പിക്കാന്‍ ബി.ജെ.പി.നേതൃത്വത്തിന്റെ ശ്രമം. ബി.ജെ.പി- ആര്‍എസ്എസ് നേതാക്കള്‍ മേജര്‍ രവിയുമായി സംസാരിച്ചു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുത്തതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
ബി.ജെ.പി.നേതൃത്വവുമായി വലിയ ബന്ധമായിരുന്നു മേജര്‍ രവിക്കുണ്ടായിരുന്നത്. ബിജെപി നേതാക്കളുടെ പ്രചാരണ പരിപാടികളിലെല്ലാം മേജര്‍ രവി പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അടുത്തിടെ ബി.ജെ.പി നേതാക്കള്‍ക്കെതിരേ അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു.
ഇതിനുപിറകേ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ തൃപ്പൂണിത്തുറയിലെ സ്വീകരണയോഗത്തില്‍ മേജര്‍ രവി പങ്കെടുക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ബി.ജെ.പി. നേതാക്കള്‍ അനുനയനീക്കം നടത്തുന്നത്. ബിജെപിയുടെ പ്രധാന നേതാക്കള്‍ അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചു.
താന്‍ നേരത്തേ ഉന്നയിച്ച വിമര്‍ശനങ്ങള്‍ നേതാക്കളുമായി പങ്കുവെച്ചതായി മേജര്‍ രവി പറഞ്ഞു. ഐശ്വര്യ കേരളയാത്രയുടെ സ്വീകരണയോഗത്തില്‍ തന്നെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോയതെന്നും അദ്ദേഹം വ്യക്തമാക്കി,.
കഴിഞ്ഞ ദിവസം കേരള സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി ബി.ജെ.പി.യിലേക്ക് പുതിയ ആളുകളെ കൊണ്ടുവരുന്നതിനായി കേരള നേതൃത്വം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും പാര്‍ട്ടി ശക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ക്ക് നല്ല അഭിപ്രായമുളള പ്രമുഖ വ്യക്തിത്വങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് മേജര്‍ രവിയെ അനുനയിപ്പിക്കാനുളള ശ്രമം ബിജെപി നേതൃത്വം നടത്തുന്നതെന്നാണ് വിവരം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..