തിരുവനന്തപുരം: ഓക്‌സിജന്‍ ലഭ്യമാക്കുന്നതിന് നിലവിലുള്ള നയം പുന:പരിശോധിക്കുകയും ഓക്‌സിജന്‍ വിതരണം സുതാര്യവും ലളിതവുമാക്കുകയും ചെയ്യണമെന്ന് ബിജെപി.

അത്യാസന്ന നിലയിലുള്ള രോഗിക്ക് ഓക്‌സിജന്‍ കിട്ടണമെങ്കില്‍ കളക്ടേറ്റിലെ വാര്‍ റൂമില്‍ പോയി എന്‍ഒസി എടുക്കുകയും പിന്നീട് വിതരണക്കാര്‍ക്ക് അനുമതി ലഭിക്കുമ്പോള്‍ മാത്രം അത് ലഭ്യമാകുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. രണ്ട് ദിവസം കഴിഞ്ഞ് ഓക്‌സിജന്‍ ലഭിക്കുമ്പോഴേക്കും രോഗി മരിക്കുന്ന അവസ്ഥ ഉണ്ടാകുന്നു. 

കേരളത്തില്‍ ഇതുവരെ സര്‍പ്ലസ് ഓക്‌സിജന്‍ നിര്‍മാണം നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓക്‌സിജന് ക്ഷാമമാണ് അനുഭവപ്പെടുന്നത്. ഒക്‌സിജന് കൂടുതല്‍ തുക ഇടാക്കുന്ന അവസ്ഥയും ഇത് മൂലം ഉണ്ടാകുന്നു. എത്രയും വേഗം സര്‍ക്കാര്‍ ഈ നയം പുനപരിശോധനക്ക് വിധേയമാക്കണമെന്നും ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

കൂടാതെ, വാതക ഓക്‌സിജന്‍ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുവാനുള്ള സംവിധാനത്തിന് ദൗര്‍ലഭ്യം അനുഭവപ്പെടുന്നു. ഇനോക്‌സ് എന്ന കമ്പനിയില്‍ നിന്ന് വിതരണം നടത്താല്‍ കഴിയുന്ന ടാങ്കര്‍ ലോറികള്‍ കേരളത്തില്‍ വിരലില്‍ എണ്ണാവുന്നത് മാത്രമാണ് ഉള്ളത്. സര്‍ക്കാര്‍ സാധാരണ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇത് വരെ മേടിച്ചിട്ടില്ല. ഡല്‍ഹിയുടെ അനുഭവം നമ്മുടെ മുന്‍പിലുണ്ട്. ഇക്കാര്യത്തിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.