ആലപ്പുഴ : തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിയെടുത്ത കേസ് കേരളത്തിന് നാണക്കേടാണെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി. സിപിഎമ്മിന്റെ മനുഷ്യത്വ വിരുദ്ധ സമീപനത്തിന്റെ തെളിവാണിത്. ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ ഭൂതത്തിന് വരെ അമ്മയോട് അലിവ് തോന്നിയിട്ടുണ്ട്. ആ ഭൂതത്തിന്റെ നിലവാരത്തിലേക്കെങ്കിലും പിണറായി വിജയന്‍ ഉയരണം-ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ 7 ജലവൈദ്യുത പദ്ധതികളിലായി 14  ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാത്തതിനെപ്പറ്റി സമഗ്ര അന്വേഷണം വേണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. ഇതു മൂലം ഡാമുകള്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ല. കേരളത്തില്‍  അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ഇതാണ് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മഴക്കാലത്തിന് മുന്നോടിയായി ഡാമുകളിലെ വെള്ളത്തിന്റെ അളവ് പുനഃക്രമീകരിക്കുന്ന പതിവ് കഴിഞ്ഞ കുറേക്കാലമായി കേരളത്തില്‍ നടക്കുന്നില്ല. 500 മില്യണ്‍ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് സാധാരണ മഴക്കാലത്ത് ഡാമുകളില്‍ നിലനിര്‍ത്തുക. എന്നാല്‍ ഇപ്പോള്‍ മൂന്നിരട്ടി വെള്ളമാണ് സംഭരിക്കുന്നത്. ഇത് മൂലമാണ് ഒന്നോ രണ്ടോ മഴ പെയ്യുമ്പോഴേക്കും ഡാം തുറക്കേണ്ടി വരുന്നത്. ഇതിന് പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ഉണ്ട്. ഇതിനു പുറമെ സാധാരണക്കാരുടെ ജീവനും സ്വത്തും നഷ്ടമാവുകയും ചെയ്യുന്നു.

ശബരിഗിരി പദ്ധതിയില്‍ 2, ഇടുക്കിയില്‍ 1, പള്ളിവാസലില്‍ 2, പള്ളിവാസല്‍ എക്സ്സ്റ്റന്‍ ഷനില്‍ 2, മൂഴിയാറില്‍ 1, തോട്ടിയാറില്‍ 2, പെരിങ്ങല്‍ക്കുത്തില്‍ 1,  ഭൂതത്താന്‍കെട്ടില്‍ 3  എന്നിങ്ങനെയാണ് പ്രവര്‍ത്തിക്കാതെ കിടക്കുന്ന ജനറേറ്ററുകളുടെ എണ്ണം. 400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ജനറേറ്ററുകളാണ് ഇത്. കേരളം കേന്ദ്ര പൂളില്‍ നിന്നും സ്വകാര്യ കമ്പനികളില്‍ നിന്നും 2500 മെഗാവാട്ടിന് മുകളില്‍ വിലയ്ക്ക് വാങ്ങുമ്പോഴാണ് കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ഡാമുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാത്തത്. ഇത് കോടികളുടെ അഴിമതിയ്ക്ക് വേണ്ടിയാണ്. കേരളത്തിലെ ഡാമുകളെ പറ്റി സര്‍ക്കാര്‍ ധവളപത്രം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വൈദ്യുത ബോര്‍ഡിനെ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ട റെഗുലേറ്ററി ബോര്‍ഡിനെ സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. ഇതിനായി രാഷ്ട്രീയ നേതാക്കന്മാരെ തിരുകി കയറ്റുന്നു. ഇത് മൂലം റെഗുലേറ്ററി ബോര്‍ഡിന്റെ അടിസ്ഥാന ചുമലത നിര്‍വഹിക്കാന്‍ പറ്റാതെ വന്നുവെന്നും അദ്ദേഹം ആരോപിച്ചു.
 
ബിജെപി ജില്ലാ അധ്യക്ഷന്‍ എം.വി ഗോപകുമാര്‍, ദക്ഷിണ മേഖല ഉപാധ്യക്ഷന്‍ കൊട്ടാരം ഉണ്ണികൃഷ്ണന്‍, ജില്ലാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ജി വിനോദ്കുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Content Highlights: BJP State spokesperson sandeep vachaspathi accuses pinarayi vijayan in Anupama S Chandran Issue