എറണാകുളം: ഇന്ധന വിലവര്‍ധന ജനങ്ങളെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇന്ധന വിലവര്‍ധനവിനെതിരെ താന്‍ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴാണെന്നും ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആളുകളുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇന്ധന വില നിര്‍ണയാധികാരം എടുത്തുകളഞ്ഞത് യുപിഎ സര്‍ക്കാരാണ്. കോണ്‍ഗ്രസിന് എങ്ങനെ അതിനെതിരെ പറയാന്‍ കഴിയും. പെട്രോളിന് വില കൂടുകയും കുറയുകയും ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

യുപിഎ സർക്കാർ ചെയ്ത തെറ്റായ കാര്യം സര്‍ക്കാര്‍ തിരുത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, അത് അത്ര എളുപ്പം തിരുത്താന്‍ കഴിയുന്ന കാര്യമല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഗ്ലോബലൈസേഷന്റെ ഭാഗമായി മാര്‍ക്കറ്റ് ഓപ്പണ്‍ ആകുമ്പോള്‍ സര്‍ക്കാരില്‍നിന്ന് പലതും നഷ്ടപ്പെടും. അത് ഇന്നുണ്ടായ സംഗതിയല്ല, അദ്ദേഹം പറഞ്ഞു.

പെട്രോള്‍ വില തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് ആരാണ് ഇതൊക്കെ നോക്കുന്നതെന്ന് സുരേന്ദ്രന്‍ ചോദിച്ചു. പെട്രോള്‍ വിലവര്‍ധനവ് ജനങ്ങളെ ബാധിക്കില്ല. 87 രൂപയ്ക്ക് യുപിഎ ഭരണകാലത്ത് പെട്രോള്‍ അടിച്ചിട്ടുണ്ട്. ഇപ്പോള്‍ 83 രൂപയായതാണോ വലിയ കാര്യമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

താങ്കള്‍ തന്നെ മുന്‍പ് പെട്രോള്‍ വിലവര്‍ധനവിനെതിരെ വണ്ടിയുന്തി പ്രതിഷേധിച്ചതാണല്ലോ എന്ന ചോദ്യത്തിന് ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആള്‍ക്കാരുണ്ടല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഞാന്‍ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴായിരുന്നു. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ സമരം ചെയ്യും. ഏതു വിഷയത്തിലും അങ്ങനെയാണ്. അതിനെന്താ കുഴപ്പം, സുരേന്ദ്രന്‍ ചോദിച്ചു.

പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണത്തിലിരിക്കുമ്പോഴും രണ്ട് നയമാണോ എന്ന ചോദ്യത്തിന്, എല്ലാ കാര്യങ്ങളും അങ്ങനെയാണല്ലോ എന്നും സുരേന്ദ്രന്‍ പറഞ്ഞു.

Content Highlights: bjp state president k surendran reacts on fuel price hike