
കെ സുരേന്ദ്രൻ | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി
കോഴിക്കോട്: കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിലൂടെയുള്ള രാഷ്ട്രീയനേട്ടമാണ് യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മതന്യൂനപക്ഷങ്ങളുടെ ധ്രുവീകരണത്തിലൂടെ തിരഞ്ഞെടുപ്പില്‍ വിജയം നേടാമെന്നാണ് ഇരുമുന്നണികളും കരുതുന്നതെന്ന് കെ സുരേന്ദ്രന് പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
മതഭീകരവാദസംഘടനകളുടെ രാഷ്ട്രീയ അജണ്ട യുഡിഎഫിലെ ഒരു ഘടകകക്ഷി തന്നെ ഏറ്റെടുത്തിരിക്കുകയാണെന്ന് ആരോപിച്ച സുരേന്ദ്രന് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഇക്കാര്യത്തിലുള്ള അഭിപ്രായം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. മലബാര്‍ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രചാരണം ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിന് ഇക്കാര്യത്തിലുള്ള നിലപാട് ജനങ്ങളോട് പറയാന്‍ തയ്യാറാവണമെന്നും സുരേന്ദ്രന് പറഞ്ഞു. സംസ്ഥാനത്ത് മതതീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിന് സര്‍ക്കാര്‍ മൗനാനുവാദം നല്‍കുകയാണെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
ചേളാരിയില്‍ 1921 ലെ മാപ്പിള ലഹളയുടെ ദൃശ്യങ്ങള്‍ പുനരാവിഷ്കരികരിച്ചുള്ള പ്രകടനം നടത്തുകയും വിവാദ പ്രസ്താവനകൾ നടത്തുകയും ചെയ്തു. എന്നാന് പ്രകടനം സംഘടിപ്പിച്ച നേതാക്കള്‍ക്കെതിരെയോ പ്രസ്താവന നടത്തിയവര്‍ക്കെതിരെയോ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. യുഡിഎഫിലെ നയപരമായ വിഷയങ്ങള്‍ ജമാഅത്തെ ഇസ്ലാമി തീരുമാനിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നതായും പോപ്പുലര്‍ ഫ്രണ്ടിനെ കൂട്ടുപിടിച്ചു കൊണ്ട് എല്‍ഡിഎഫ് മുന്നോട്ടു പോകുന്നതായും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ഭൂരിപക്ഷ സമുദായത്തിന്റെ താത്പര്യങ്ങളെ ഹനിക്കുന്ന നിലപാടാണ് ഇരുമുന്നണികളും സ്വീകരിക്കുന്നതെന്നും സിഎഎ വിരുദ്ധ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്നുള്ള സര്‍ക്കാരിന്റെ തീരുമാനം മതഭീകരവാദസംഘടനകളെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും സിഎഎയുമായി ബന്ധപ്പെട്ട സമരം നടത്തിയത് ജനാധിപത്യ മുന്നണികളല്ലെന്നും പറഞ്ഞ സുരേന്ദ്രന് ആരാധനാലയങ്ങള്‍ ഭീകരസംഘടനകള്‍ ദുരുപയോഗപ്പെടുത്തുന്നതായി പിണറായി വിജയന് തന്നെ പറഞ്ഞിട്ടുള്ളതായും ചൂണ്ടിക്കാട്ടി.
Content Highlights: BJP State President K Surendran Press Meet Kozhikode
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..