കെ. സുരേന്ദ്രൻ. ഫോട്ടോ മാതൃഭൂമി
കോഴിക്കോട്: സി.എം. രവീന്ദ്രന്റെ ആശുപത്രിവാസം നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അഴിമതി കേസില്‍ ആരോപണ വിധേയനായ ഒരാളെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ അഭയം പ്രാപിക്കാനുള്ള സ്ഥലമാണോ മെഡിക്കല്‍ കോളേജുകളെന്ന് അദ്ദേഹം ചോദിച്ചു. ആരോഗ്യ മന്ത്രി അറിഞ്ഞുകൊണ്ടാണിതെന്നും അദ്ദേഹം ആരോപിച്ചു.
പണ്ട് ജയരാജന്റെ കേസ് സിബിഐ അന്വേഷിക്കുന്ന കാലത്ത് ഒരു ഡോക്ടര്‍ ജയരാജന് വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ആ ഡോക്ടറെ പിന്നീട് സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ആദരിച്ചു. അതേ സംഭവമാണ് ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നടക്കുന്നത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യേണ്ട സ്ഥിതിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
കുറ്റവാളികളെ രക്ഷപ്പെടാന്‍ മെഡിക്കല്‍ കോളേജിനെ ദുരുപയോഗപ്പെടുത്തുകയാണോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്ന് രക്ഷപെടാനാണ് ഇടയ്ക്കിടെ മെഡിക്കല്‍ കേളേജിനെ അഭയംപ്രാപിക്കുന്നത്. 10-ാം തീയതി ഇഡിയുടെ മുന്നില്‍ വരാതിരിക്കാനാണ് ഇപ്പോള്‍ ഇങ്ങനെ ഒരു നാടകം കളിക്കുന്നത്. ആരോഗ്യ മന്ത്രി അറിഞ്ഞുകൊണ്ട് നടത്തുന്ന നാടകമാണിതെന്നും അദ്ദേഹം ആരോപിച്ചു.
സ്വര്‍ണക്കള്ളക്കടത്തിലും അനുബന്ധ കേസുകളിലുമുള്ള തെളിവുകള്‍ ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി ധര്‍മ്മടത്ത് ക്യാമ്പ് ചെയ്യുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. രവീന്ദ്രനുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ്. ഊരാളുങ്കല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം ഈ മേഖലയിലാണെന്നും ഇതുമായി ബന്ധപ്പെട്ടാണ് സി.എം.രവീന്ദ്രന്‍ അഴിമതികള്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
രവീന്ദ്രന്റെ പല ബിനാമി സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ മാത്രമാണെന്ന് കരുതാന്‍ വയ്യ. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന ഗുണഭോക്താവ് മുഖ്യമന്ത്രിയാണെന്നാണ് തുടക്കം മുതല്‍ ബിജെപി പറയുന്നത്. മുഖ്യമന്ത്രി മാത്രമല്ല, മന്ത്രിസഭയിലെ അംഗങ്ങളും നിയമസഭ സ്പീക്കര്‍ അടക്കമുള്ളവരും സ്വണ്ണക്കള്ളകടത്തുകാരെ സഹായിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ഒരു വിശദീകരണം നല്‍കാന്‍പോലും സിപിഎം നേതൃത്വം തയ്യാറാകുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: BJP State president K. Surendran against Minister K.K Shailaja, Over CM Raveendran issue
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..