തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്‍റെ കെ-റെയില്‍ പദ്ധതിക്കെതിരേ ബി.ജെ.പി. കേരളത്തിന് ഗുണമുള്ള ഒട്ടേറെ വികസന പദ്ധതികള്‍ മുടങ്ങിക്കിടക്കുമ്പോഴും ദോഷമുണ്ടാക്കുന്ന പദ്ധതിക്കുവേണ്ടി മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. സാമ്പത്തിക താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ചെറിയ മഴ പെയ്താല്‍ പോലും പ്രളയമുണ്ടാകുന്ന, ഉരുള്‍പൊട്ടുന്ന കേരളത്തില്‍ വന്നതോതില്‍ പരിസ്ഥിതിയെ ബാധിക്കുന്ന കെ-റെയില്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നത് നിക്ഷിപ്ത താത്പര്യം മുന്‍നിര്‍ത്തിയാണ്. ലാഭകരമല്ലാത്തതും പതിനായിരക്കണക്കിന് ആളുകളെ വഴിയാധാരമാക്കുന്നതുമാണ് പദ്ധതി. കേരളത്തെ വെട്ടിമുറിക്കുന്ന കെ-റെയില്‍ വലിയ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുമെന്നതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കരുതെന്നാണ് ബിജെപി കേരള ഘടകം ആവശ്യപ്പെടുന്നത്.

പദ്ധതി ഉപേക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. പ്രളയത്തില്‍ നിന്ന് ഈ സര്‍ക്കാര്‍ ഒന്നും പഠിച്ചില്ല. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളില്‍ വീണ്ടും പാറപൊട്ടിക്കലിന് അനുവാദം നല്‍കി. ക്വാറി മാഫിയയെ സഹായിക്കുന്നതാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാരിന് മനഃസാക്ഷിയില്ലെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് കേരളത്തിലുണ്ടായ പ്രളയം, ഇരകള്‍ക്ക് ഇപ്പോഴും സര്‍ക്കാര്‍ സഹായം നല്‍കിയിട്ടില്ല. ദുരന്തം അനുഭവിക്കുന്നവരെ കാണാതെ കെ-റെയില്‍ പദ്ധതിക്കുവേണ്ടി മുഖ്യമന്ത്രി ഡല്‍ഹിക്ക് പോയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തില്‍ വിവേകപൂര്‍ണമായ പദ്ധതികള്‍ വേണം. നിലവിലുള്ള റെയില്‍ സംവിധാനത്തെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് വേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Content Highlights: BJP State President K Surendran against K-Rail project Chief Minister Pinarayi Vijayan