കെ.സുരേന്ദ്രൻ | Photo: Mathrubhumi
തിരുവനന്തപുരം: തോമസ് ഐസക് അവതരിപ്പിച്ച ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ് കേരളത്തെ ഒരിക്കലും രക്ഷപ്പെടാനാവാത്ത തരത്തിലുള്ള കടക്കെണിയിലേക്ക് തള്ളുന്നതാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മൂന്ന് ലക്ഷം കോടി പൊതുകടത്തില്നിന്നും അഞ്ച് ലക്ഷം കോടിയിലേക്ക് കേരളത്തിനെ എത്തിക്കുന്ന തലതിരിഞ്ഞ സാമ്പത്തികനയമാണ് തോമസ് ഐസക്കിന്റേത്. സമ്പദ്ഘടനയെ സുശക്തമാക്കി കേരളത്തെ കടത്തില്‍നിന്നു മോചിപ്പിക്കാനുള്ള ഒരു ശ്രമവും ബജറ്റില്‍ ഇല്ല. കര്‍ഷകര്‍ക്ക് വേണ്ടി മുതലക്കണ്ണീര് ഒഴുക്കുന്ന ഇടതുസര്‍ക്കാരില്‍നിന്ന് കേരളത്തിലെ കര്‍ഷകര്‍ക്ക് പ്രതീക്ഷിക്കാനൊന്നുമില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഈ ബജറ്റ്. ഈ ബജറ്റില്‍ എന്തെങ്കിലും നേട്ടമുണ്ടെങ്കില്‍ അത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ മാത്രമാണ്. കെ.എസ്.ഇ.ബിയുടെ എല്‍.ഇ.ഡി ബള്‍ബും അംഗണവാടി ടീച്ചേഴ്സിനും അശാവര്‍ക്കര്‍മാര്‍ക്കും ശമ്പളം കൂട്ടിയതും തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും കേന്ദ്രസര്‍ക്കാരിന്റേതാണ്. 10 വര്‍ഷത്തെ കേന്ദ്രസഹായംവെച്ച് ധവളപത്രം ഇറക്കാന്‍ തോമസ് ഐസക്കിന് ധൈര്യമുണ്ടോ? 4 വര്‍ഷം ഭരിച്ച യു.പി.എ. സര്‍ക്കാര്‍ ഓരോ വര്‍ഷവും കേരളത്തിന് അനുവദിച്ച പണവും 6 വര്‍ഷമായി ഭരിക്കുന്ന മോദി സര്‍ക്കാര്‍ അനുവദിക്കുന്ന പണവും എത്രയെന്ന് ജനങ്ങള്‍ അറിയട്ടെ.
നരേന്ദ്ര മോദി ഡിജിറ്റല്‍ ഇന്ത്യ കൊണ്ടുവന്നപ്പോള്‍ പട്ടിണി മാറുമോ എന്ന് ചോദിച്ച് പരിഹസിച്ചവര്‍ ഇപ്പോള്‍ മോദിയുടെ പദ്ധതി വികൃതമാക്കി അനുകരിക്കുകയാണ്. കമ്പ്യൂട്ടറൈസൈഷന്‍ ജനങ്ങളെ കാര്‍ന്നു തിന്നുവെന്നും കമ്പ്യൂട്ടര്‍ ബകനാണെന്നും പറഞ്ഞ ഐസക്ക് തന്നെയാണ് ലാപ്ടോപ്പ് എല്ലാ വീട്ടിലും എത്തിക്കുമെന്ന് പറയുന്നത്. ഡിജിറ്റല്‍ ഇന്ത്യ വന്‍വിജയമായമാണെന്ന് ഇനിയെങ്കിലും കമ്മ്യൂണിസ്റ്റുകാര്‍ അംഗീകരിക്കണം. എല്ലാ വീട്ടിലും തൊഴില്‍ എത്തിക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ ഭേദഗതി കൊണ്ടുവന്നപ്പോള്‍ തൊഴില്‍ നിയമങ്ങളുടെ ലംഘനം, തൊഴിലാളിവിരുദ്ധത എന്ന് പറഞ്ഞ് ഘോരഘോരം പ്രസംഗിച്ചവരാണ് ഇടതുപക്ഷക്കാര്‍. ഇപ്പോള്‍ എന്താ തൊഴില്‍ നിയമങ്ങള്‍ മറന്നുപോയോ എന്ന് സുരേന്ദ്രന് പരിഹസിച്ചു.
പച്ചക്കറി,നെല്ല് തുടങ്ങി വിവിധ കാര്‍ഷികോത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്താന്‍ 15 അഗ്രോപാര്‍ക്കുകള്‍ തുടങ്ങുമെന്നാണ് പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ധനമന്ത്രി പറഞ്ഞത്. എന്നാല്‍ 5 വര്‍ഷം കഴിയാനായിട്ടും വെറും ഒരു അഗ്രോപാര്‍ക്കിന്റെ പണി മാത്രമാണ് സര്‍ക്കാരിന് തുടങ്ങാനായത്. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒരു വര്‍ഷം കൊണ്ട് എട്ട് ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 2016-ലെ എല്‍.ഡി.എഫിന്റെ പ്രകടനപത്രികയില്‍ നല്കിയ വാഗ്ദാനം 25 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു. സ്വര്‍ണ്ണക്കടത്തുകാര്‍ക്കും സി.പി.എം. ക്രിമിനലുകള്‍ക്കുമല്ലാതെ ആര്‍ക്കാണ് ഈ സര്‍ക്കാര്‍ തൊഴില്‍ നല്‍കിയത്. ലക്ഷക്കണക്കിന് യുവാക്കളുടെ സ്വപ്നം തകര്‍ത്ത് പി.എസ്.സിയെ അട്ടിമറിച്ച് പിന്‍വാതില്‍ നിയമനം വഴി മൂന്ന് ലക്ഷം പേരെ നിയമിച്ച് യുവജനങ്ങളെ വഞ്ചിച്ച സര്‍ക്കാരാണിത്. കോവിഡാണ് കേരളത്തെ പ്രതിസന്ധിയിലാക്കിയത് എന്ന വാദം വസ്തുതാപരമല്ല. കോവിഡിന് മുമ്പ് തന്നെ കേരളത്തിന്റെ സാമ്പത്തികരംഗം തകര്‍ന്നിരുന്നുവെന്ന് സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ചു വര്‍ഷമായി കെ.എസ്.ആര്.ടിസിക്ക് വാങ്ങിക്കും എന്ന് പറഞ്ഞ ബസുകള്‍ എത്രയാണെന്നും വാങ്ങിച്ച ബസുകള്‍ എത്രയാണെന്നും ഐസക്ക് പറയണം. കുറേ ബസുകള്‍ എല്ലാ കാലത്തും കട്ടപ്പുറത്ത് ആകുകയല്ലാതെ പുതുതായി ഒന്നും വാങ്ങിക്കാറില്ല. പിന്നെ എല്ലാം ഒരു ആചാരം പോലെ പറഞ്ഞു പോവുകയാണ് ധനമന്ത്രി. ഇത്തരം കണ്ണില്‍ പൊടിയിടലുകള്‍ മാത്രമാണ് ഈ സര്‍ക്കാരിന്റെ ട്രാക്ക് റെക്കോര്‍ഡ്. എല്ലാ വര്‍ഷവും കയ്യടിവാങ്ങാന്‍ നടത്തുന്ന പ്രഖ്യാപനങ്ങളല്ലാതെ ഒന്നുമില്ല.
സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വേണ്ടിയുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഒന്നും ബജറ്റില്‍ ഇല്ല. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വന്‍കിട പദ്ധതികള്‍ നടപ്പിലാക്കിയാല്‍ മാത്രമേ കേരളത്തിന്റെ പൊതുകടം കുറയ്ക്കാനാവുകയുള്ളൂ. എന്നാല്‍ ധനമന്ത്രി അടിസ്ഥാന സൗകര്യ മേഖലയെ പൂര്‍ണ്ണമായും അവഗണിച്ചു. ഇതുതന്നെയാണ് ബി.ജെ.പിയുടേയും ഇടതുപക്ഷത്തിന്റെയും വികസനത്തോടുള്ള സമീപനത്തിന്റെ വ്യത്യാസമെന്നും സുരേന്ദ്രന് പറഞ്ഞു. വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് സുവര്‍ണ ചതുഷ്ക്കോണ പദ്ധതി കൊണ്ട് വന്നാണ് രാജ്യത്തെ റോഡ് പരിഷ്ക്കരണം നടപ്പിലാക്കിയത്.
ഒരു ദിവസം ഇത്ര കിലോ മീറ്റര്‍ റോഡ് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചാണ് പദ്ധതി നടപ്പാക്കിയത്. യു.പി.എ. കാലത്ത് മന്ദീഭവിച്ച പദ്ധതി നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോള്‍ വീണ്ടും ഉര്‍ജ്ജിതമാക്കി. ഇത്തരം വന്‍കിട പദ്ധതികള്‍ ഇല്ലാതെ എങ്ങനെയാണ് നാടിന്റെ പുരോഗതി സാധ്യമാക്കുക? ബജറ്റിന്റെ പുറത്തുള്ള ഓഡിറ്റിംഗ് ഇല്ലാത്ത കിഫ്ബി വഴി തുക വകയിരുത്തും എന്ന് ബജറ്റ് അവതരണത്തില്‍ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്?
ഒന്നുകില്‍ കിഫ്ബിയെ ബജറ്റില്‍ നിന്നും ഒഴിവാക്കണം. അല്ലെങ്കില്‍ കിഫ്ബി ഓഡിറ്റിംഗിന് വിധേയമാക്കണം. ഓഡിറ്റിംഗിനെയും എതിര്‍ക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. സി.എ.ജി. റിപ്പോര്‍ട്ട് ധനമന്ത്രി ചോര്‍ത്തിയതും സി.എ.ജിക്കെതിരെ തിരിഞ്ഞതും ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ വി.എസ്. സര്‍ക്കാരിന്റെ കാലത്ത് ആറ്റിലെ മണലെടുത്ത് കേരളത്തെ ഗള്‍ഫാക്കുമെന്ന് പറഞ്ഞ ആളാണ് ഐസക്ക്. അതേപൊലെ തിരുവനന്തപുരം ഐ.ടി കോറിഡോര്‍ പ്രഖ്യാപിച്ചതും ഇതേ മന്ത്രിയായിരുന്നു.
ഐസക്കില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാനില്ല. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനോ നികുതി തിരിച്ചുപിടിക്കാനോ ഒരു ശ്രമവും ബജറ്റില്‍ ഇല്ല. വന്‍കിട വാറ്റ് കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ഒരു നീക്കവും ഇല്ല. വന്‍കിട മുതലാളിമാരെ പ്രീണിപ്പിക്കാനാണ് നികുതി പിരിക്കാത്തത്. കേന്ദ്രസര്‍ക്കാര്‍ കൃത്യമായി നികുതി പിരിക്കുന്നത് കൊണ്ടാണ് സംസ്ഥാനങ്ങള്‍ക്ക് ഇത്രയും പണം നല്‍കാനാവുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
Content Highlights: bjp state president k surendran about kerala budget 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..