തിരുവനന്തപുരം:  ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ എന്ത് തീരുമാനമെടുക്കുന്നുവോ അതിനൊപ്പം നില്‍ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ശബരിമല വിഷയത്തില്‍ പുനഃപരിശോധന ഹര്‍ജിയില്‍ ദേവസ്വം ബോര്‍ഡിന് തീരുമാനമെടുക്കാമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കിയാല്‍ വിശ്വാസികളെന്ത് തീരുമാനമെടുക്കുന്നുവോ അതിനൊപ്പം നില്‍ക്കും. ഞങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഒരു ഔദാര്യവും ആവശ്യമില്ല. ഞങ്ങള്‍ ജനങ്ങളുടെ കോടതിയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സര്‍ക്കാരിന് ഇപ്പോള്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇവര്‍ക്കെന്തും പറയാം. ജനങ്ങളെ ഇട്ട് പന്ത് തട്ടുകയാണ്. ഇത്രയധികം ജനവിരുദ്ധരായ, ജനങ്ങള്‍ക്ക് ശാപവും ഭാരവുമായ ഭരണകൂടം കേരളത്തിലുണ്ടായിട്ടില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. എത്രതവണ എന്തൊക്കെപ്പറഞ്ഞു. ശബരിമലയില്‍ ബഹളമുണ്ടാക്കിയത് ചില പുത്തന്‍കൂറ്റുകാരാണ്. ഇപ്പോള്‍ അവിടെയുണ്ടായ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തമെല്ലാം ബിജെപിയുടെ തലയിലിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മനസാക്ഷിയില്ലാത്ത രാഷ്ട്രീയക്കാരായി കമ്മ്യൂണിസ്റ്റുകാര്‍ മാറുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രിയേപ്പോലെയുള്ള ആളുകള്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. രണ്ടുദിവസം കൊണ്ട് എത്തേണ്ട വിശ്വാസികള്‍ക്ക് വരാന്‍ സാധിച്ചിട്ടില്ല. ശബരിമലയെ തകര്‍ക്കാന്‍ വേണ്ടിയാണ് ഈ പ്രശ്‌നമെല്ലാം ഉണ്ടാക്കിയത്. ശബരിമലയെ തകര്‍ക്കാനുള്ള ഒരു ശ്രമവും ഞങ്ങള്‍ അംഗീകരിക്കില്ല. അത്തരം ശ്രമങ്ങളെ ജനാധിപത്യമായ സമരമാര്‍ഗങ്ങളില്‍ കൂടി നേരിടും. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ ചെയ്തതെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.