മധൂര്‍ (കാസര്‍കോട്): ശബരിമലയെ നശിപ്പിക്കാന്‍ കഴിഞ്ഞ 60 വര്‍ഷമായി സിപിഎം ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള. അവസാന ബിജെപി പ്രവര്‍ത്തകന്റെ അവസാന തുള്ളി രക്തം അവശേഷിക്കുന്നതു വരെ ഇത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മധൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസത്തെ സംരക്ഷിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ കേസെടുത്ത് നശിപ്പിക്കാന്‍ നോക്കിയാല്‍ നിയമം കൊണ്ട് തന്നെ അതിനെ ചെറുക്കും. ദേശാഭിമാനിയുടെ ഒന്നാം പേജില്‍ മാപ്പപേക്ഷിച്ച സംഭവം പിണറായി വിജയന്‍ മറക്കരുത്. എ കെ ജിയുടെ കാലം മുതല്‍ ശബരിമലയെ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചു വരികയാണ്. ശബരിമല തീവെച്ചതല്ല തീപിടിച്ചതാണെന്നാണ് സിപിഎമ്മുകാര്‍ പ്രസംഗിച്ച് നടന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

വിശ്വാസം തകര്‍ക്കാനും വിശ്വാസികളെ വേട്ടയാടാനുമാണ് സിപിഎം എന്നും ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഇതിന്റെ ഭാഗമായാണ് തെറ്റുതിരുത്തല്‍ ക്യാമ്പയിന്‍ എന്ന പേരില്‍ പ്രചരണം നടത്തിയത്. മതപരമായ വിശ്വാസങ്ങളും വ്യക്തിപരമായ ആചാരങ്ങളും പാര്‍ട്ടി അംഗങ്ങള്‍ പിന്തുടരുതെന്നാണ് 19-ാം പാര്‍ട്ടി കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയത്. ഈ തീരുമാനം നടപ്പാക്കാനാണ് വീണു കിട്ടിയ സുപ്രീംകോടതി വിധി ആയുധമാക്കുന്നതെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

കണ്ണൂര്‍ പ്രസംഗത്തിന്റെ പേരില്‍ ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷനെതിരെ ചിലര്‍ രംഗത്ത് വന്നത് അപഹാസ്യമാണണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധികള്‍ പ്രായോഗികമാകണമെന്ന് പ്രസംഗിച്ച അമിത് ഷായ്‌ക്കെതിരെ രംഗത്ത് വന്ന ഇടത് അനുകൂലികളായ 18 സാഹിത്യകാരന്‍മാര്‍ ചരിത്രം പഠിക്കണം. അമിത് ഷായുടെ പ്രസംഗം കോടതിയലക്ഷ്യമാണെങ്കില്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തുവിനെതിരെ കേസ് കൊടുക്കാന്‍ ഇവര്‍ തയ്യാറാകണം. ഹര്‍ത്താലുകള്‍ നിരോധിച്ച കോടതി വിധി അപ്രായോഗികമാണെന്ന് ചൂണ്ടിക്കാണിച്ചത് എച്ച് എല്‍ ദത്തുവാണെന്നും അമിത് ഷായ്‌ക്കെതിരെ രംഗത്തു വന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും അദ്ദേഹം പരിഹസിച്ചു. 

വിഷാദ രോഗം ബാധിച്ചതിനാലാണ് സിപിഎമ്മും പിണറായി വിജയനും പിച്ചും പേയും പറയുന്നത്. ഈ രോഗം സിപിഎമ്മിന്റെ അന്തകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ചാ വേദിയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ട് പോകില്ല. ആ പ്രസംഗത്തിന്റെ പേരില്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കര്‍ണ്ണാടക സംസ്ഥാന അദ്ധ്യക്ഷന്‍ യദ്യൂരപ്പ രഥയാത്ര ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍പിള്ളയും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും സംയുക്തമായാണ് രഥയാത്ര നയിക്കുന്നത്. 18 ന് പത്തനംതിട്ടയില്‍ യാത്ര സമാപിക്കും.   

രഥയാത്ര എല്ലാ മലയാളികള്‍ക്കും വേണ്ടി- തുഷാര്‍ വെള്ളാപ്പള്ളി.

മുഴുവന്‍ മലയാളികളുടേയും വിശ്വാസം സംരക്ഷിക്കാനാണ് എന്‍ഡിഎ രഥയാത്ര നടത്തുന്നതെന്ന് ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ഇത് ഹിന്ദുക്കള്‍ക്ക് വേണ്ടി മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സംരക്ഷണ രഥയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മധൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെയുണ്ടായ സാമൂഹ്യ പ്രസക്തിയുള്ള നിരവധി വിധികള്‍ നടപ്പാക്കാന്‍ താത്പര്യം കാണിക്കാത്തവരാണ് ശബരിമല വിധി നടപ്പാക്കാന്‍ തിടുക്കം കാണിക്കുന്നത്. ഇതിന്റെ രാഷ്ട്രീയം എല്ലാവരും മനസിലാക്കണം. ഹിന്ദുക്കളെ സവര്‍ണ്ണരെന്നും അവര്‍ണ്ണരെന്നും വേര്‍തിരിക്കാനുള്ള ഗൂഢ ശ്രമമാണ് സിപിഎം നടത്തുന്നത്. ഇതിനെതിരെ ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഒ രാജഗോപാല്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. ജാഥാ കോര്‍ഡിനേറ്റര്‍ എ എന്‍ രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. നളിന്‍ കുമാര്‍ കട്ടീല്‍ എംപി, കര്‍ണ്ണാടക നിയമസഭാംഗങ്ങളായ സഞ്ജീവ് മട്ടത്തൂര്‍, ഡോ ഭരത് ഷെട്ടി, ബി വേദവ്യാസ കമ്മത്ത്, സുനില്‍ ഷെട്ടി, രാജേഷ് നായിക്, ഉമാനാഥ കോട്ടിയാന്‍, കോട്ട ശ്രീനിവാസ പൂജാരി, ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം ടി രമേശ്, കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, കെപിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ നീലകണ്ഠന്‍ മാസ്റ്റര്‍, എന്‍ഡിഎ നേതാക്കളായ സുഭാഷ് വാസു, രാജന്‍ കണ്ണാട്ട്, ടി വി ബാബു, കെ കെ പൊന്നപ്പന്‍,  വി ഗോപകുമാര്‍, പത്മകുമാര്‍, കുരുവിള മാത്യൂസ്, സന്തോഷ് അരയക്കണ്ടി, ബിജെപി നേതാക്കളായ എന്‍ ശിവരാജന്‍, ഡോ പി പി വാവ, പ്രമീളാ സി നായ്ക്, പിഎം വേലായുധന്‍, കെ പി ശ്രീശന്‍, ബി ഗോപാലകൃഷ്ണന്‍, പ്രൊഫ വി ടി രമ, പ്രകാശ് ബാബു, വി കെ സജീവന്‍, കെ ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാര്‍ എന്നിവര്‍ പങ്കെടുത്തു.