തിരുവനന്തപുരം: പീഡനക്കേസില്‍ പ്രതി സിപിഎമ്മുകാരനായാല്‍ കോടതിയും പോലീസും പാര്‍ട്ടിയാണന്ന് പ്രഖ്യാപിച്ച എം.സി. ജോസഫൈന് വനിതാ കമ്മീഷനാകാന്‍ യോഗ്യതയില്ലെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. ജോസഫൈന്‍ വനിത കമ്മിഷനോ അതോ പാര്‍ട്ടി കമ്മിഷനോയെന്ന് വ്യക്തമാക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. 

നിയമപരമായി നിയമനം കിട്ടിയ ഉത്തരവാദിത്ത പദവിയിലിരുന്ന് കമ്മൂണിസ്റ്റ് പാര്‍ട്ടിയുടെ തനി സ്വഭാവമാണ് ജോസഫൈന്‍ കാണിക്കുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. കമ്മ്യണിസ്റ്റ് രാജ്യങ്ങളില്‍ പാര്‍ട്ടി തന്നെയാണ് കോടതി. ഇക്കണക്കിന് കമ്മൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യ ഭരിച്ചാല്‍ സുപ്രിം കോടതിയെ എകെജി സെന്ററായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഭരണഘടനയും നിയമവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഗവര്‍ണ്ണര്‍ ജോസഫൈനെ വനിത കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോസഫൈനെ പുറത്താക്കാനുള്ള നിയമനടപടികള്‍ ബിജെപി ആരംഭിക്കും. വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി വനിത കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ജോസഫൈനെ പുറത്താക്കണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Content Highlights: BJP spokesperson B Gopalakrishnan against Kerala women's commission chairperson MC Josephine