തിരുവനന്തപുരം: വിവാദമായ സ്പ്രിംക്ലര്‍ കരാറിനെക്കുറിച്ചുള്ള അന്വേഷണത്തെ ചൊല്ലിയും ബിജെപിയില്‍ ഭിന്നത. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ സ്പ്രിംക്ലറില്‍ സിബിഐ അന്വേഷണമാണ് വേണ്ടതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ആവശ്യപ്പെട്ടു.

സ്പ്രിംക്ലര്‍ ഇടപാടില്‍ സിബിഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം? രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ ഇന്ന് നമ്മുടെ രാജ്യത്ത് സിബിഐക്കും എന്‍ഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയന്‍ നടത്തിയ അമേരിക്കന്‍ യാത്രകള്‍ ഫലത്തില്‍ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത്. പിണറായിയുടെ രോഗം ഭേദമായപ്പോള്‍ സംസ്ഥാനം രോഗക്കിടക്കിയാലായിരിക്കുകയാണ്. ഇതിനുള്ള മരുന്ന് സിബിഐ തന്നെ കണ്ടെത്തട്ടെ. മറ്റേത് ചികിത്സാ രീതിയും 'ഓപ്പറേഷന്‍ വിജയകരം; രോഗി മരിച്ചു' എന്ന അവസ്ഥയിലേ ആകൂ എന്നാണ് എം ടി രമേശ് തന്റെ ഫെയിസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. 

 

അതേസമയം ഇന്നലെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ സര്‍ക്കാരിന്റെ കീഴിലുള്ള വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ടുള്ള ഭിന്നത വ്യക്തമാക്കി കൊണ്ട് എം ടി രമേശ് രംഗത്തെത്തിയിരിക്കുന്നത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതിനെതിരേ കൃഷ്ണദാസ് പക്ഷം കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

നേരത്തെ കൊറോണ പ്രതിരോധ നടപടികളില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി മുഖ്യമന്ത്രിയേയും സര്‍ക്കാരിനേയും കെ. സുരേന്ദ്രന്‍ പിന്തുണച്ച് രംഗത്തുവരുകയുണ്ടായി. ഇതിനെതിരേയും പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായം രൂപപ്പെട്ടിരുന്നു. 

 Content Highlights: bjp splits on splikr need cbi enquiry on sprikler says mt ramesh