തിരുവനന്തപുരം: ബിജെപി പിന്തുണയോടെ ഹിന്ദുഐക്യവേദി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ജനങ്ങളെ ഒന്നടങ്കം വലച്ചു. പുലര്‍ച്ച മൂന്ന് മണിയോടെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ ട്രെയിനുകളിലും ദീര്‍ഘദൂര ബസ്സുകളിലും എത്തിയവരും ആശുപത്രിയിലേക്ക് പോകാന്‍ പുറപ്പെട്ടവരും അടക്കം പെരുവഴിയിലായി. കെഎസ്ആര്‍ടിസിയും സര്‍വീസ് നിര്‍ത്തിവെച്ചതോടെ ശബരിമല തീര്‍ത്ഥാടകരും പ്രതിസന്ധിയിലായി. 

തിരുവനന്തപുരം ആര്‍സിസിയിലേക്ക് പോകാനായി വിദൂര സ്ഥലങ്ങളില്‍ നിന്ന് വന്നവര്‍ ട്രെയിനിറങ്ങിയപ്പോഴാണ് ഹര്‍ത്താലുള്ള കാര്യം അറിയുന്നത്. ഡോക്ടര്‍മാര്‍ക്കായി ബുക്ക് ചെയ്ത് വന്നവര്‍ സമയത്തിന് എത്തിപ്പെടാന്‍ പറ്റാത്തതില്‍ ഏറെ  വിഷമിച്ചു. പോലീസ് വാഹനങ്ങളിലാണ് രോഗികളേയും മറ്റും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കൊണ്ടുപോയത്. ആര്‍മി പരീക്ഷകള്‍ക്കും മറ്റും വന്നവരും വഴിയില്‍ കുടുങ്ങി. 

ksd
കാസർകോട് കറന്തക്കാട് ജംഗ്ഷനിൽ ഹർത്താൽ അനുകൂലികൾ
വാഹനങ്ങൾ തടയുന്നു. -​ഫോട്ടോ: രാമനാഥ്‌ ​പൈ.

ഹര്‍ത്താലിനോടനുബന്ധിച്ച് ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പോലീസ് ആസ്ഥാനത്തേക്ക് പ്രകടനം നടത്തി. പലയിടങ്ങളിലും ബൈക്കുകള്‍ പോലും പ്രതിഷേധക്കാര്‍ തടഞ്ഞു. കൊട്ടാരക്കരയില്‍ വാഹനങ്ങള്‍ തടഞ്ഞവരെ പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചത്‌ സംഘര്‍ഷത്തിനിടയാക്കി. വടക്കന്‍ കേരളത്തിലും ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു. സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചതോടെ ഓഫീസുകളും കടകളും അടഞ്ഞു കിടന്നു.

മലപ്പുറം തിരൂരില്‍ സ്വകാര്യ ബസ് ജീവനക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിക്കുകയും മൊബൈലും പണവും അപഹരിച്ചുവെന്ന് ആക്ഷേപമുണ്ട്‌.

വയനാട് കമ്പളക്കാട് ടിപ്പര്‍ ലോറി തടഞ്ഞുവെച്ച് തകര്‍ത്തതില്‍ ഒരാളെ അറസ്റ്റിലായി. മധ്യകേരളത്തില്‍ ഹര്‍ത്താല്‍ ഭാഗികമായി പുരോഗമിക്കുകയാണ്. ആദ്യ മണിക്കൂറില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യ ബസുകളും സര്‍വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് ബിജെപി പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചതോടെ ബസുകള്‍ നിരത്തില്‍ നിന്ന് പിന്‍വാങ്ങി. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ഹര്‍ത്താല്‍ ആഹ്വാനം. രാവിലെ ആറുമുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

Content Highlights: BJP,Harthal, KP Sasilkala