കൊച്ചി: സന്നിധാനത്തെ സമരത്തില്‍ നിന്ന് ബി.ജെ.പി പിന്‍മാറിയത് ആര്‍.എസ്.എസ് നിര്‍ദേശപ്രകാരം.ശബരിമലയില്‍ രാഷ്ട്രീയ സമരം വേണ്ടെന്നും ശബരിമല കര്‍മസമിതി മതിയെന്നുമാണ് ആര്‍.എസ്.എസ് നിലപാട്. 

ശബരിമല വിഷയത്തില്‍ പ്രതിഷേധത്തിന്റെ ദിശമാറ്റി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലേക്ക് മുന്നിലേക്ക് സമരം മാറ്റാന്‍ ബി.ജെ.പി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ആര്‍.എസ്.എസ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി ഈ തീരുമാനം കൈക്കൊണ്ടത്. സന്നിധാനത്ത് രാഷ്ട്രീയ സമരം വേണ്ടെന്ന കര്‍ശ നിലപാട് ആര്‍.എസ്.എസ് കൈകൊള്ളുകയായിരുന്നു. ആചാര ലംഘനം പോലീസ് നിയന്ത്രണം എന്നീ വിഷയങ്ങളില്‍ പമ്പ,സന്നിധാനം ഉള്‍പ്പടെയുള്ള ഇടങ്ങളില്‍ ശബരിമല കര്‍മ സമിതിയുടെ സാന്നിധ്യവും പ്രതിഷേധവും തുടരും. കെ.സുരേന്ദ്രന്‍ സന്നിധാനത്തേക്ക് എത്തിയത് തങ്ങളുടെ നിര്‍ദേശപ്രകാരമല്ലെന്നും ആര്‍.എസ്.എസ് വ്യക്തമാക്കുന്നു.

ശബരിമല സമരവുമായി ബന്ധപ്പെട്ട് ബി.ജെ.പി സര്‍ക്കുലര്‍ തയ്യാറാക്കിയതിലും ആര്‍.എസ്.എസ്സിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് അറിയുന്നത്. ഇതിനിടെ, സുരേന്ദ്രന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ സമരം നടത്താത്തതിനെ ചൊല്ലി ബി.ജെ.പിയില്‍ ഉണ്ടായ ഭിന്നതയിലും ആര്‍.എസ്.എസ്സിന് അതൃപ്തിയുണ്ട്. വിഷയത്തില്‍ ചില മുരളീധരപക്ഷ നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിട്ടുമുണ്ട്.നിര്‍ണ്ണായക ഘട്ടത്തില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് നിലപാടെടുത്ത ആര്‍.എസ്.എസ് വിഷയം ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും നേതാക്കളെ അറിയിച്ചിട്ടുണ്ട്..

അതിനിടെ ശബരിമല വിഷയത്തില്‍ ആചാരലംഘനത്തിന് മുന്‍കയ്യെടുക്കുന്ന സമീപനം ഉണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി ഭരണനേതൃത്തിലെ ചിലര്‍ തങ്ങളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും ആര്‍.എസ്.എസ് പറയുന്നുണ്ട്.

content highlights: sabarimala protest, bjp, rss, sabarimala women entry