പി.സി.ജോർജ്, കെ.സുരേന്ദ്രൻ |ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി അവഗണിക്കുകയും സോളാര്‍ കേസിലെ പ്രതിയുടെ മൊഴിയുടെ പേരില്‍ പി.സി. ജോര്‍ജിനെതിരെ കേസെടുക്കുകയും ചെയ്തത് ഇരട്ടത്താപ്പാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ അന്വേഷണം പോലും നടത്താത്ത പോലീസ് പി.സി. ജോര്‍ജിനെതിരായ പരാതിയില്‍ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സുരേന്ദ്രന് വിമര്‍ശിച്ചു.
പരാതിക്കാരി നല്കിയ മറ്റു പരാതികളില്‍ ആരെയും അറസ്റ്റ് ചെയ്യാത്ത പോലീസ് പിണറായി വിജയനെ എതിര്‍ക്കുന്നതിന്റെ പേരില്‍ മാത്രമാണ് പി.സിക്കെതിരെ കേസെടുക്കുന്നതെന്ന് ഏത് കൊച്ചുകുട്ടികള്‍ക്കും മനസിലാകും. പിണറായി വിജയന്റെ ഫാസിസ്റ്റ് സമീപനത്തിന്റെ അവസാനത്തെ ഉദാഹരണമാണിത്. പ്രസംഗങ്ങളുടെ പേരില്‍ പി.സിയെ ജയിലിലടയ്ക്കാന്‍ കഴിയാത്തതിന്റെ പക വീട്ടുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന് പറഞ്ഞു.
എ.കെ.ജി. സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ കേസില്‍ പ്രതിയുടെ തുമ്പ് പോലും ഇതുവരെ കിട്ടാതിരുന്ന പോലീസ് നാണക്കേട് മറയ്ക്കാനാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. സ്വര്ണ്ണക്കടത്തില്നിന്നു വിഷയം മാറ്റാന്‍ രാഷ്ട്രീയ എതിരാളികളെ മുഴുവന്‍ വേട്ടയാടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് ഇന്ത്യയാണെന്നും ഇവിടെ ഒരു ഭരണഘടനയും നീതിന്യായ വ്യവസ്ഥയുമൊക്കെ ഉണ്ടെന്ന് പിണറായി മനസിലാക്കണം. ഇത്തരം പകവീട്ടല്‍ രാഷ്ട്രീയത്തിന് കോടതിയില്‍ കനത്ത പ്രഹരം ലഭിക്കുമെന്നും സുരേന്ദ്രന് പറഞ്ഞു.
കേസ് ആരോപണങ്ങള്‍ മറയ്ക്കാന്‍- അബ്ദുള്ളക്കുട്ടി
ഹൈദരാബാദ്: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മകള്‍ക്കുമെതിരേയുള്ള ആരോപണങ്ങള്‍ മറയ്ക്കാന്‍ വേണ്ടിയാണ് പി.സി. ജോര്‍ജിനെതിരേ കേസെടുത്തതെന്ന് ബി.ജെ.പി.ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി. പി.സി. ജോര്‍ജിന്റെ അറസ്റ്റിന് പിന്നാലെ ഹൈദരാബാദില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം എ.കെ.ജി. സെന്ററിന് നേരേ നടന്ന ആക്രമണവും പിണറായിക്കെതിരേയുള്ള ആരോപണങ്ങള്‍ ശ്രദ്ധ തിരിച്ചുവിടാന്‍ വേണ്ടിയായിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാരിനെതിരേയുള്ള ആരോപണങ്ങള്‍ വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായി പി.സി. ജോര്‍ജിനേയും പോലീസ് അറസ്റ്റ് ചെയ്തതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..