ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ മൂന്നംഗം സമിതിയെ നിയോഗിച്ചുവെന്ന വെളിപ്പെടുത്തലുകള്‍ തള്ളി പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വം. സി.വി ആനന്ദബോസ്, ജേക്കബ് തോമസ്, മെട്രോമാന്‍ ഇ ശ്രീധരന്‍ എന്നിവരെ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിനായി നിയോഗിച്ചു എന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് പാര്‍ട്ടി ആസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് തള്ളിയത്. ആരോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും അവലോകനത്തിനും വിലയിരുത്തലിനും ബിജെപിക്ക് സ്വന്തം സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് എല്ലാ പിന്തുണയും നല്‍കുന്നു എന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. തിരഞ്ഞെടുപ്പ് തോല്‍വി അടക്കമുള്ളവയെപ്പറ്റി പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. ഇതില്‍ രണ്ടുപേര്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. റിപ്പോര്‍ട്ട് നല്‍കി എന്ന തരത്തിലുള്ള സ്ഥിരീകരണവും വന്നിരുന്നു. എന്നാല്‍ ആരോടും റിപ്പോര്‍ട്ട് ചോദിച്ചില്ല എന്നാണ് ഇപ്പോള്‍ കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.

ചില വ്യക്തികള്‍ അത്തരത്തില്‍ അവകാശവാദം ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാധ്യമ വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍, പാര്‍ട്ടി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. അവലോകനം നടത്തുന്നതിനും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പാര്‍ട്ടിക്ക് സ്വന്തമായ സംവിധാനങ്ങളുണ്ട്. അതിനാല്‍ മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകളെപ്പറ്റി സംസ്ഥാന നേതൃത്വത്തോട് ചോദിച്ച് സ്ഥിരീകരിക്കാന്‍ തയ്യാറാകണമെന്നാണ് ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് ചൂട്ടിക്കാട്ടിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷിനെ കണ്ടതിന് പിന്നാലെ അരുണ്‍ സിങ്ങുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടില്ലെന്ന് ബി.എല്‍ സന്തോഷ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന വെളിപ്പെടുത്തലുകള്‍ സംസ്ഥാന ബിജെപിയില്‍ വിഭാഗീയ വിഷയംകൂടി ആയി മാറിയിരുന്നു. ഒരു വിഭാഗം ഇതിന്റെ വെളിച്ചത്തില്‍ കെ സുരേന്ദ്രനെതിരായ നീക്കങ്ങളും ശക്തിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സുരേന്ദ്രന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കേന്ദ്ര നേതൃത്വത്തില്‍നിന്ന് നിഷേധ പ്രസ്താവന പുറപ്പെടുവിച്ചത്. വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ പിന്തുണ സുരേന്ദ്രന് ഉണ്ടെന്നാണ് ഈ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കുന്നത്.

Content Highlights: BJP's defeat in assembly polls, National leadership