ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തറയില്‍ ബിജെപി അധികാരം പിടിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുനിന്നതോടെയാണ് ബിജെപിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജയിച്ചത്. ബിജെപിയുടെ ബിന്ദു പ്രദീപാണ് പ്രസിഡന്റായത്.

ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് മൂന്നാം തവണയാണ് തൃപ്പെരുന്തറ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് പിന്തുണയില്‍ രണ്ടു തവണ സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍ ജയിച്ചെങ്കിലും പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. ബിജെപി അധികാരത്തിലേറുന്നത് ഒഴിവാക്കാനായിരുന്നു കോണ്‍ഗ്രസ് എല്‍ഡിഎഫിനെ പിന്തുണച്ചിരുന്നത്.

എന്നാല്‍ മൂന്നാം തവണ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതോടെ ബിജെപിക്ക് ജയിക്കാനായി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും എന്‍ഡിഎക്കും ഇവിടെ ആറ് സീറ്റ് വീതവും എല്‍ഡിഎഫിന് അഞ്ചു സീറ്റുകളുമാണ് ലഭിച്ചത്. പട്ടിജാതി വനിത സംവരണ മണ്ഡലമായതിനാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ യുഡിഎഫിന് അംഗങ്ങളില്ല. കഴിഞ്ഞ തവണ പഞ്ചായത്ത് എല്‍ഡിഎഫാണ് ഭരിച്ചിരുന്നത്.