തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ ഓഫീസില്‍ ബിജെപി പ്രവര്‍ത്തകരുടെ കരിഓയില്‍ പ്രയോഗം. വിവാദമായ ഹിന്ദുപാകിസ്താന്‍ പരാമര്‍ശത്തില്‍ തരൂര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ഇന്ത്യവിട്ട് പോകണമെന്നും ആവശ്യപ്പെട്ടാണ് ഓഫീസിന് മുന്നില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റീത്ത് വെച്ചതും കരിഓയില്‍ ഒഴിച്ചതും.

ഒരു പ്രാവശ്യം കൂടി ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. ഈ പ്രസ്താവന പിന്‍വലിക്കണമെന്നും തരൂരും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്നും ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, തരൂരിന്റെ പ്രസ്താവനയ്ക്ക് കോണ്‍ഗ്രസ് നേതാക്കളും മറ്റ് പാര്‍ട്ടി നേതാക്കളും പിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന പരിപാടിയിലാണ് ശശി തരൂര്‍ ഹിന്ദു പാകിസ്താന്‍ പരാമര്‍ശം നടത്തിയത്. 

ബിജെപിയുടെ പ്രതിഷേധം നടക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസ് പരിസരത്തെത്തി കരിഓയില്‍ നീക്കി പരിസരം വൃത്തിയാക്കിയിരുന്നു. മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇവിടെ പോലീസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.