തിരുവനന്തപുരം: മരംമുറി കൊള്ളയ്‌ക്കെതിരെ ആറ്റിങ്ങലില്‍ ബി.ജെ.പി. നടത്തിയ സമരത്തില്‍ ഡി.വൈ.എഫ്‌.ഐയുടെ പ്ലക്കാര്‍ഡുമേന്തി ബി.ജെ.പി. വനിതാ പ്രവര്‍ത്തക. സമരത്തിന് ഉപയോഗിച്ച പ്ലക്കാര്‍ഡ് മാറിപ്പോയതാണ് ബി.ജെ.പിക്ക് തലവേദനയായത്. 'ബി.ജെ.പിയുടെ ഡി.വൈ.എഫ്‌.ഐ. പ്ലക്കാര്‍ഡ്' സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വിശദീകരണം നല്‍കി തലയൂരാനാണ് ബി.ജെ.പി. പ്രാദേശിക നേതൃത്വത്തിന്റെ ശ്രമം.

ബി.ജെ.പിയെ വെട്ടിലാക്കിയ സമരകഥ ഇങ്ങനെ: മരംമുറി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയായിരുന്നു ബി.ജെ.പി. പ്രതിഷേധം. എന്നാല്‍, ഒറ്റ പ്ലക്കാര്‍ഡ് കൊണ്ട് അത് ഇന്ധനവിലയില്‍ കേന്ദ്രത്തിനെതിരേയുളള സമരമായി മാറി.

ആറ്റിങ്ങല്‍ നഗരസഭ കവാടമായിരുന്നു സമരവേദി. വനംകൊള്ളയ്‌ക്കെതിരേയുളള പ്ലക്കാര്‍ഡിനു പകരം ഇന്ധനവിലയ്‌ക്കെതിരെ ഡി.വൈ.എഫ്‌.ഐ. നടത്തിയ സമരത്തിന്റെ പ്ലക്കാര്‍ഡാണ് വനിത പ്രവര്‍ത്തകരിലൊരാള്‍ കയ്യിലേന്തിയിരുന്നത്. മാധ്യമപ്രവര്‍ത്തകരും കാഴ്ചക്കാരും ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് അമളി പിണഞ്ഞ കാര്യം സമരക്കാര്‍ക്ക് ബോധ്യപ്പെട്ടത്. 

തലേദിവസം ഇന്ധനവിലയ്‌ക്കെതിരേ ഡി.വൈ.എഫ്‌.ഐ. നടത്തിയ സമരത്തിന്റെ പ്ലക്കാര്‍ഡ് പ്രവര്‍ത്തകര്‍ നഗരസഭാ മതിലില്‍ ചാരിവെച്ചിരുന്നു. പിറ്റേന്ന് സമരത്തിനെത്തിയ ബി.ജെ.പി. പ്രവര്‍ത്തക പ്ലക്കാര്‍ഡ് മാറിയെടുത്തതാണ് അബദ്ധത്തിനു വഴിയൊരുക്കിയത്. 

അമളി പിണഞ്ഞ ബി.ജെ.പി. പ്രവര്‍ത്തകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ട്രോളുകള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.