കെ.സുരേന്ദ്രൻ | Photo: Mathrubhumi
കോഴിക്കോട്: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഭരണ തകര്‍ച്ചയും അരാജകത്വവും മാത്രമാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. എല്ലാ വകുപ്പുകളും പൂര്‍ണ പരാജയമാണ്. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രി വന്‍ പരാജയമാണെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
മയക്കുമരുന്ന് ലോബിയെ നേരിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡോ. വന്ദനയുടെ കൊലപാതകം. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ആശുപത്രികള്‍ നിലവാരമില്ലാതെയായിരിക്കുന്നത്? പൊലീസുകാര്‍ക്ക് എന്ത് പരിശീലനമാണ് കേരളത്തില്‍ കൊടുക്കുന്നത്? സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാപകമായ ആക്രമണമാണ് നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മീന്‍ പിടിക്കുന്ന ബോട്ട് ടൂറിസ്റ്റ് ബോട്ടാക്കി മാറ്റുന്നത് കേരളത്തില്‍ അല്ലാതെ മറ്റെവിടെ നടക്കും? സി.പി.എം. നേതാക്കന്മാരുടെ അനുയായി ആയ ബോട്ടുടമയെ രക്ഷിക്കാന്‍ ശ്രമിച്ചത് ആരാണ്? ബോട്ടില്‍ വ്യാപകമായ മയക്കുമരുന്ന് വില്‍പ്പന നടക്കുന്നതായി പോലീസിന്റെ ശ്രദ്ധയിപ്പെട്ടിട്ട് നാലുമാസമായി. അവസാന യാത്രയിലും മയക്കുമരുന്ന് ഉപയോഗം അന്വേഷിക്കാന്‍ ബോട്ടില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. മരിച്ചതില്‍ ഒരാള്‍ ആ പൊലീസുകാരനാണ്. താനൂര്‍ ദുരന്തത്തില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസും അബ്ദുള്‍ റഹ്‌മാനും ഉത്തരവാദികളാണ്. മുഖ്യമന്ത്രി ലീഗ് നേതാക്കളെ കണ്ട് എല്ലാം സബൂറാക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പരിഹസിച്ചു. കൊട്ടാരക്കര സംഭവത്തില്‍ ആരോഗ്യമന്ത്രി മനുഷ്യത്വരഹിതമായ പ്രസ്താവന നടത്തുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
പിണറായി സര്‍ക്കാരിന്റെ വാര്‍ഷികം ബി.ജെ.പി. പ്രതിഷേധവാരമായി ആചരിക്കും. മേയ് 20-ന് കരിദിനമായിരിക്കും. അന്ന് സെക്രട്ടറിയേറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കും. 27-വരെ വിവിധ പ്രതിഷേധങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം കൊടുക്കും. ബൂത്തിലും പഞ്ചായത്തിലും മണ്ഡലത്തിലും പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തിലെ ഓദ്യോഗിക പ്രതിപക്ഷമായ കോണ്‍ഗ്രസ് മുഖ്യശത്രുവായി ബി.ജെ.പിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്‍.ഡി.എഫ്. സര്‍ക്കാര്‍ അവരുടെ ശത്രുവല്ലെന്നാണ് അവര്‍ പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Content Highlights: bjp president k surendran against second pinarayi goverment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..