പികെ. കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് എന്‍ഡിഎയ്ക്ക് സാധ്യതയുണ്ടായിരുന്ന മണ്ഡലങ്ങളില്‍ സിപിഎം കോണ്‍ഗ്രസ് രഹസ്യ ധാരണ ഉണ്ടായിരുന്നുവെന്ന് ബിജെപി നേതാവ് പികെ. കൃഷ്ണദാസ്. ഇത്തരം മണ്ഡലങ്ങളില്‍ ഇരുമുന്നണികളും പരസ്പരം വീതം വെച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ദേശീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് എന്‍ഡിഎ തിരഞ്ഞെടുപ്പ് കാര്യാലയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമസഭയ്ക്ക് പുറത്ത് നിര്‍ണായക ശക്തിയായിരുന്നു എന്‍ഡിഎ ഇതുവരെ. ഇത്തവണ മുതല്‍ നിയമസഭയ്ക്ക് അകത്തും നിര്‍ണായക രാഷ്ട്രീയ ശക്തിയായി എന്‍ഡിഎ മാറുന്ന തിരഞ്ഞെടുപ്പായിരുന്നു നടന്നതെന്നും കൃഷ്ണദാസ് വ്യക്തമാക്കി. മഞ്ചേശ്വരത്ത് എല്‍ഡിഎഫിന്റെ സഹായം അഭ്യര്‍ഥിച്ച മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന കേരളത്തില്‍ ഇനി വരാന്‍ പോകുന്ന കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
പെരിയ രക്തസാക്ഷികളെ വിസ്മരിച്ചാണ് മുല്ലപ്പള്ളി പരസ്യമായി സിപിഎമ്മിന്റെ സഹായം തേടിയത്. അധികാരത്തിനപ്പുറത്ത് പ്രവര്‍ത്തകരുടെ ജീവന് വിലകല്‍പ്പിക്കുന്നില്ല കോണ്‍ഗ്രസെന്നും കൃഷ്ണദാസ് ആരോപിച്ചു. മഞ്ചേശ്വരത്ത് സഹായം തേടിയ മുല്ലപ്പള്ളിക്കേറ്റ തിരിച്ചടിയാണ് പാനൂരിലെ യുഡിഎഫ് പ്രവര്‍ത്തകന്റെ കൊലപാതകം. വിഷയത്തില്‍ യുഡിഎഫിന്റെ പ്രതിഷേധത്തിന് ആത്മാര്‍ഥതയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മുതല്‍ എന്‍എസ്എസിനെയും അതിന്റെ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എല്‍ഡിഎഫ്. ഹിന്ദുസംഘടനാ നേതാക്കളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്താമെന്ന് കരുതിയിരുന്ന കാലമൊക്കെ കഴിഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു. മെയ് രണ്ടോടെ സിപിഎമ്മിലും കോണ്‍ഗ്രസിലും ആഭ്യന്തര കലഹം രൂക്ഷമാകുമെന്നും കൃഷ്ണദാസ് അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിപിഎം അക്രമം നടത്തുകയാണ്. കഴക്കൂട്ടത്തും കാട്ടാക്കടയിലും ധര്മടത്തുമുള്പ്പെടെ സംസ്ഥാനത്ത് പലയിടത്തും ബിജെപിക്കെതിരെ സിപിഎം ആക്രമം നടത്തി. ഞങ്ങള്‍ സംയമനം പാലിച്ചതുകൊണ്ട് മാത്രമാണ് വലിയ പ്രശ്നങ്ങള്‍ ഒഴിവായതെന്നും അദ്ദഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..