ബി.ജെ.പി. സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണിക്ക് കേന്ദ്ര നേതൃത്വം


കെ.എ. ജോണി

അടുത്ത അഞ്ച് കൊല്ലത്തേക്കെങ്കിലും പാര്‍ട്ടിയെ നയിക്കാന്‍ കഴിവുള്ള ഒരാളെയാണ് അഖിലേന്ത്യ നേതൃത്വം തേടുന്നത്. പാര്‍ട്ടി-മത-ജാതി ഭേദമന്യെ എല്ലാ വിഭാഗങ്ങളെയും ആകര്‍ഷിക്കാന്‍ പ്രാപ്തിയുള്ള ഒരു നേതാവിനെയാണ് തിരയുന്നത്. ഇങ്ങനെയൊരാളെ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ നേതൃമാറ്റത്തിന് താമസമുണ്ടാവില്ല.

അന്താരാഷ്ട്ര യോഗാദിനത്തിൽ തൃശൂരിൽ നടന്ന ചടങ്ങിൽ പങ്കെടുക്കുന്ന പി.കെ. കൃഷ്ണദാസും കെ. സുരേന്ദ്രനും | ഫോട്ടോ: മനീഷ് ചേമഞ്ചേരി മാതൃഭൂമി

കോഴിക്കോട്: സംസ്ഥാന ബി.ജെ.പി. നേതൃത്വത്തില്‍ അഴിച്ചുപണി അധികം വൈകാതെ ഉണ്ടായേക്കും. ''സംസ്ഥാന നേതൃത്വത്തില്‍ മാറ്റം വേണമെന്ന് കേന്ദ്രനേതൃത്വം തത്വത്തില്‍ തീരുമാനിച്ചുകഴിഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് എല്ലാ തലങ്ങളിലും സ്വീകാര്യതയുള്ള ഒരു വ്യക്തിയെ കണ്ടെത്താനായാല്‍ ആ നിമിഷം തീരുമാനമുണ്ടാകുമെന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കുന്നത്.'' ബി.ജെ.പിയുടെ കേന്ദ്രനേതൃത്വവുമായി അടുത്ത ബന്ധമുള്ള ഒരു സീനിയര്‍ നേതാവ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

''നിലവിലുള്ള നേതൃത്വത്തില്‍ കേന്ദ്രനേതൃത്വത്തിന് അസംതൃപ്തിയുണ്ട്. പക്ഷേ, പകരം ഒരാളെ കൊണ്ടുവരുമ്പോള്‍ ആ നേതാവ് എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച് കൊണ്ടുപോവാന്‍ കഴിയുന്ന ഒരാളായിരിക്കണം എന്ന് കേന്ദ്രനേതൃത്വത്തിന് നിര്‍ബ്ബന്ധമുണ്ട്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ കേരളത്തില്‍ നയിക്കാന്‍ കഴിയുന്ന വ്യക്തിപ്രഭാവമുള്ള ഒരാളെയാണ് അഖിലേന്ത്യ നേതൃത്വം അന്വേഷിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെപ്പോലെയുള്ള ഒരാളാണ് കേരളത്തില്‍ ബി.ജെ.പിയെ നയിക്കേണ്ടതെന്നാണ് അഖിലേന്ത്യ നേതൃത്വം വിലയിരുത്തുന്നത്. ഇങ്ങനെയൊരാളെ കിട്ടിക്കഴിഞ്ഞാല്‍ നേതൃമാറ്റത്തിന് പിന്നെ താമസമുണ്ടാവില്ല.'' പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത സീനിയര്‍ നേതാവ് ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സവര്‍ണ്ണ വോട്ടുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് ബി.ജെ.പി. അഖിലേന്ത്യ നേതൃത്വത്തിന് ലഭിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് വിശകലന റിപ്പോര്‍ട്ടുകളിലുള്ളത്. ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കുന്നതിനും കേരളത്തില്‍ ബി.ജെ.പിക്കായിട്ടില്ല. ഇതര സംസ്ഥാനങ്ങള്‍ പോലെയല്ല കേരളമെന്നും കേരളത്തില്‍ ചുരുങ്ങിയത് ക്രിസ്ത്യന്‍ വിഭാഗത്തെയെങ്കിലും കൂടെക്കൂട്ടാന്‍ പാര്‍ട്ടിക്കാവുന്നില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാവില്ലെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിട്ട് സമര്‍പ്പിച്ച തിരഞ്ഞെടുപ്പ് വിശകലനങ്ങളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത് എന്നാണറിയുന്നത്.

ഒരേസമയം എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ ഒരു വ്യക്തിയാണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായി വരേണ്ടതെന്ന നിലപാടിലേക്ക് അഖിലേന്ത്യ നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത് കേരളത്തില്‍നിന്നു ലഭിച്ചിട്ടുള്ള വ്യത്യസ്ത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് അകമഴിഞ്ഞ പിന്തുണയാണ് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വം നല്‍കിയതെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതില്‍ സുരേന്ദ്രന് വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു. രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സുരേന്ദ്രന് അനുമതി നല്‍കിയതും അനിതരസാധാരണമായ നടപടിയായിരുന്നു.

ഇത്രയും വലിയ പിന്തുണ ലഭിച്ചിട്ടും കേരളത്തില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയതിലുള്ള ഉത്തരവാദത്വത്തില്‍നിന്ന് സുരേന്ദ്രന് ഒഴിഞ്ഞുമാറാനാവില്ലെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം എന്നാണറിയുന്നത്. പകരം ഒരാളെ കിട്ടാത്തതുകൊണ്ടു മാത്രമാണ് സുരേന്ദ്രന്‍ ഇപ്പോഴും പ്രസിഡന്റായി തുടരുന്നതെന്നാണ് സൂചന.

പാര്‍ട്ടിക്ക് പുറത്തുനിന്ന് ഒരാളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ഇടക്കാലത്ത് അഖിലേന്ത്യ നേതൃത്വത്തിന് ആലോചനയുണ്ടായിരുന്നു. മുന്‍ ഐ.എ.എസ്. ഓഫിസര്‍ എ.കെ. ശര്‍മ്മയെ ഉത്തര്‍പ്രദേശില്‍ ബി.ജെ.പി. വൈസ് പ്രസിഡന്റാക്കിയതുപോലെ കേരളത്തിലും പാര്‍ട്ടി നേതൃത്വത്തില്‍ ഒരു പ്രൊഫഷനലിനെ കൊണ്ടുവരാനുള്ള നീക്കമായിരുന്നു അത്. എന്നാല്‍ ഇ. ശ്രീധരനും ജേക്കബ്ബ് തോമസും നിയമസഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കേന്ദ്രനേതൃത്വത്തിന്റെ ചിന്തയില്‍ മാറ്റമുണ്ടാക്കിയതായാണ് അറിയുന്നത്. രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇ. ശ്രീധരന്‍ വിജയിച്ചില്ലെന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ട്.

ആര്‍.എസ്.എസ്. മുഖപ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ എഡിറ്ററായിരുന്ന ആര്‍. ബാലശങ്കറിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ടെന്ന് സൂചനയുണ്ട്. ക്രിസ്ത്യന്‍ വിഭാഗങ്ങളോടും എന്‍.എസ്.എസ്. - എസ്.എന്‍.ഡി.പി. സംഘടനകളോടും ബാലശങ്കറിനുള്ള അടുപ്പം കേന്ദ്രനേതൃത്വം കണക്കിലെടുത്തിട്ടുണ്ട്. എന്നാല്‍ ബാലശങ്കര്‍ വരുന്നതിനോട് വി. മുരളീധരന്‍ - കെ. സുരേന്ദ്രന്‍ വിഭാഗത്തിന് കടുത്ത എതിര്‍പ്പുണ്ട്.

എതിര്‍ഗ്രൂപ്പില്‍നിന്ന് ഒരാള്‍ വന്നാലും ബാലശങ്കര്‍ വേണ്ടെന്ന നിലപാടിലാണ് മുരളീധര - സുരേന്ദ്ര പക്ഷം. കഴിഞ്ഞയാഴ്ച ചേര്‍ന്ന ബി.ജെ.പി. സംസ്ഥാന സമിതി യോഗത്തില്‍ നേതൃമാറ്റത്തിനു വേണ്ടിയുള്ള ആവശ്യം കാര്യമായി ആരും ഉയര്‍ത്തിയില്ല. പുറത്തു നിന്നൊരാള്‍ വേണ്ടെന്ന സുരേന്ദ്ര വിഭാഗത്തിന്റെ നിലപാടിനോട് കൃഷ്ണദാസ് പക്ഷത്തിനും യോജിപ്പുണ്ടെന്നതാണ് ഇത് തെളിയിക്കുന്നതെന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു നേതാവ് പറഞ്ഞു.

ആത്യന്തിക തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടേയുമായിരിക്കും. ആ തീരുമാനം നടപ്പാക്കുക എന്ന ഉത്തരവാദിത്വമായിരിക്കും ബി.ജെ.പി. അഖിലേന്ത്യ പ്രസിഡന്റ് ജെ.പി. നഡ്ഢയ്ക്കുണ്ടായിരിക്കുകയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

അടുത്തിടെ നടത്തിയ ഡല്‍ഹി യാത്രയില്‍ കെ. സുരേന്ദ്രന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായില്ല എന്നത് ശ്രദ്ധേയമാണെന്നും ഈ വൃത്തങ്ങള്‍ പറയുന്നു. ''ഇപ്പോഴുള്ള നേതൃത്വവുമായി പാര്‍ട്ടി അണികള്‍ക്ക് ഒരു ട്രസ്റ്റ് ഡെഫിസിറ്റ് (വിശ്വാസക്കുറവ്) ഉണ്ടെന്ന് കേന്ദ്ര നേതൃത്വം മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അഴിച്ചുപണി അനിവാര്യമാണ്. അതെപ്പോഴാണ് സംഭവിക്കുകയെന്ന് മാത്രമേ അറിയാനുള്ളു.''

Content Highlights: BJP national leaders will reconstruct Kerala leadership soon

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


rahul gandhi's office attacked

1 min

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; സംഘര്‍ഷം

Jun 24, 2022

Most Commented