ചേലക്കര: മുസ്ലിം ലീഗിനെ വീണ്ടും എൻഡി.എ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. നേരത്തെ ശോഭ സുരേന്ദ്രൻ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തില്‍ ലീഗിനെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞത് ബിജെപിയില്‍ ഭിന്നതയ്ക്കിടയാക്കിയിരുന്നു. ശോഭയുടെ നിലപാടിനെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തള്ളി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പറഞ്ഞത് ബിജെപിയുടെ നിലപാടാണെന്ന് വ്യക്തമാക്കി സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രാ വേദിയിലാണ് ശോഭ നിലപാട് ആവര്‍ത്തിച്ചത്.

ഭാവി കേരളത്തിലെ ഭരണകൂടത്തിന് നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെ നിലപാടാണ്. വര്‍ഗീയ നിലപാട് തിരുത്തി കൊണ്ട് നരേന്ദ്ര മോദിയുടെ നയങ്ങള്‍ തങ്ങള്‍ക്ക് സ്വീകാര്യമാണ് എന്ന് പറഞ്ഞാല്‍ മുസ്ലി ലീഗിനേയും ഉള്‍ക്കൊള്ളാനുള്ള ദര്‍ശനമാണ് ബിജെപിയുടെ മുഖമുദ്ര. നാഷണല്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്ന് കാശ്മീരില്‍ ഭരിച്ചിട്ടുണ്ട്. ദേശീയത ഉള്‍കൊണ്ടുകൊണ്ട് ആര് വന്നാലും സ്വീകരിക്കും. ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ മുന്നണി വികസനം സംബന്ധിച്ച് വ്യക്തത തന്നിട്ടുണ്ടെന്നും ശോഭാ സുരേന്ദേന്‍ പറഞ്ഞു. കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്ക് ചേലക്കരയില്‍ നല്‍കിയ സ്വീകരണത്തിലാണ് ശോഭയുടെ പരാമര്‍ശം.

കെ.സുരേന്ദ്രന്‍ ശോഭയുടെ നിലപാടിനെ തള്ളി പറഞ്ഞെങ്കിലും കുമ്മനം രാജശേഖരന്‍ ശോഭയെ പിന്തുണച്ചു. ലീഗിന് മുമ്പില്‍ ബിജെപി വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും കൂടുതല്‍ ഘടക കക്ഷികള്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും കുമ്മനം പറഞ്ഞു.