തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെ വിമർശിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ കെഎസ് രാധാകൃഷ്ണൻ. കേരളത്തിന്റെ ധനകാര്യശേഷി വർധിപ്പിക്കാൻ മദ്യത്തിന്റെ വില്പന നികുതി വർധിപ്പിക്കുക, ഭാഗ്യക്കുറി വില്പന കൂട്ടുക എന്നിങ്ങനെ ധനമന്ത്രിമാർ ചെയ്യുന്ന സ്ഥിരം ഉഡായിപ്പുകളല്ലാതെ മറ്റൊന്നും ചെയ്യാൻ തോമസ് ഐസക്കിന് കഴിയാത്തത് ദൗർഭാഗ്യകരമാണെന്ന് കെഎസ് രാധാകൃഷ്ണൻ ആരോപിച്ചു.

മഹോദര രോഗിയുടെ വെള്ളദാഹം പോലെയാണ് തോമസ് ഐസക്കിന്റെ ധനകാര്യ മോഹം. റിസർവ് ബാങ്ക് നോട്ട് അടിച്ചു കൂട്ടണമെന്നും കേന്ദ്രം ഈ പണം കണക്കില്ലാതെ തരണമെന്നും താൻ അത് ചെലവാക്കാമെന്നുമാണ് ഐസക് പറയുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആരെങ്കിലും പണമുണ്ടാക്കിത്തരിക അതുകൊണ്ട് ദീവാളി കുളിക്കാമെന്നാണ് ധനമന്ത്രിയുടെ മനസ്സിലിരുപ്പെന്നും അദ്ദേഹം തുറന്നടിച്ചു.

പ്രവാസികൾ ഒരു ലക്ഷം കോടി രൂപ കേരളത്തിലേയ്ക്ക് പ്രതിവർഷം അയച്ചു നൽകിയിട്ട് ആ പണം ഉപയോഗിച്ച് കേരളത്തിന്റെ ധനശേഷി വികസിപ്പിക്കാനായി തോമസ് ഐസക് എന്താണ് ചെയ്തതെന്ന് വിശദമാക്കണമെന്നും കെഎസ് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

കെഎസ് രാധാകൃഷണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു???

ഡോ. തോമസ് ഐസക് എജ്ജാതി ധനകാര്യ വിദഗ്ധനാണെന്ന് അറിയില്ല. അദ്ദേഹം സാമ്പത്തിക ശാസ്ത്രം പഠിച്ചാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത് എന്നതും നേര്. വ്യാവസായിക ഘടനയും വര്‍ഗ്ഗസമരവും: 1859 മുതല്‍ 1980 വരെ ആലപ്പുഴയിലെ കയര്‍ നെയ്ത്ത് വ്യവസായത്തെ അസ്പദമാക്കിയുള്ള പoനത്തിനാണ് അദ്ദേഹത്തിന് ഗവേഷണ ബിരുദം ലഭിച്ചത്.

നല്ല കൈപുണ്യമുള്ള മനുഷ്യനാണ് തോമസ് ഐസക്. ആലപ്പുഴയിലെ കയര്‍ വ്യവസായവും കേരളത്തിലെ വര്‍ഗ്ഗസമരവും ഒരു പോലെ സിദ്ധികൂടി. അദ്ദേഹം കൈവച്ച മേഖലകള്‍ക്കെല്ലാം ഈ ഗതിയുള്ളതു കൊണ്ടാകാം കേരളത്തിന്റെ ഖജനാവും ഊര്‍ദ്ധശ്വാസം വലിച്ചു കിടക്കുന്നത്.

അദ്ദേഹം അഞ്ചു വര്‍ഷം ആസൂത്രണ ബോര്‍ഡ് അംഗമായിരുന്നു. ധനകാര്യ വകുപ്പ് മന്ത്രിയായി പത്തു വര്‍ഷം തികയ്ക്കാന്‍ പോകുന്നു. ഈ കാലയളവിനുള്ളില്‍ കേരളത്തിന്റെ ധനകാര്യശേഷി വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തം.

മദ്യത്തിന്റെ വില്പന നികുതി വര്‍ദ്ധിപ്പിക്കുക; ഭാഗ്യക്കുറി വില്പന കൂട്ടുക എന്നിങ്ങനെ ധനകാര്യ വകുപ്പ് മന്ത്രിമാര്‍ ചെയ്യുന്ന സ്ഥിരം ഉഡായിപ്പുകളല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഈ ധനകാര്യ വിദഗ്ധന് കഴിഞ്ഞില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

ഇപ്പോള്‍ അദ്ദേഹം പറയുന്നത് കേന്ദ്രം കണക്കില്ലാതെ പണം തരണം, താന്‍ ചെലവാക്കാമെന്നാണ്. മഹോദര രോഗിയുടെ വെള്ളദാഹം പോലെയാണ് തോമസ് ഐസക്കിന്റെ ധനകാര്യ മോഹം. റിസര്‍വ് ബാങ്ക് നോട്ട് അടിച്ചു കൂട്ടുക; കേന്ദ്രം കണക്കില്ലാതെ തനിക്ക് തരിക; താന്‍ അത് കണക്കില്‍ പെടാതെ ചെലവാക്കാമെന്നാണ് അദ്ദേഹം പറയുന്നത്.

ആരാനും പണമുണ്ടാക്കിത്തരിക. താന്‍ അതുകൊണ്ട് ദീവാളി കുളിക്കാമെന്നാണ് ധനമന്ത്രിയുടെ മനസ്സിലിരുപ്പ്. പ്രവാസികള്‍ ഒരു ലക്ഷം കോടി രൂപ കേരളത്തിലേയ്ക്ക് പ്രതിവര്‍ഷം അയച്ചു നല്‍കിയിട്ട്, ആ പണം ഉപയോഗിച്ച് കേരളത്തിന്റെ ധനശേഷി വികസിപ്പിക്കാനായി അങ്ങ് എന്ത് ചെയ്തു എന്ന് വിശദമാക്കണം? ദയവായി പ്രതിക്രിയാവാദം, അന്തര്‍ധാര തുടങ്ങിയ മറുഭാഷ പറയരുത്.

ഡോ. കെ. എസ്. രാധാകൃഷ്ണന്‍

content highlights:KS Radhakrishnan, Thomas Isaac,KS Radhakrishnan facebook post