തിരുവനന്തപുരം: പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്നതിനെ അനുകൂലിച്ചെഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റിനോട് മോശം കമന്റുകളുമായി ധാരാളം പേര്‍ എത്തുന്നുവെന്ന് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. ജിഎസ്ടിയില്‍ പെട്രോളിനെ ഉള്‍പ്പെടുത്താതിരിക്കുന്നത് കേരളത്തിന് വരുമാനം കുറയുമെന്നതുകൊണ്ടാണ്. മദ്യവും പെട്രോളിയം ഉത്പന്നങ്ങളുമല്ലാതെ കേരളത്തിന് വേറെ കാര്യമായ വരുമാനമില്ലെന്നും സംസ്ഥാനത്ത്  വ്യവസായ മേഖലയെ തളര്‍ത്തിയിട്ടിരിക്കുകയാണെന്നും കൃഷ്ണകുമാര്‍ പറയുന്നു. 

ജിഎസ്ടി കൊണ്ടുവന്നാല്‍ സംസ്ഥാനത്തിന്റെ വരുമാനം ഇടിയുമെന്നാണ് ധനമന്ത്രി പറയുന്നത്?

സ്വാഭാവികമാണല്ലോ. ഏത് മേഖലയിലായാലും നമ്മള്‍ മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തണം. വ്യവസായമേഖലയെ കേരളത്തില്‍ തളര്‍ത്തിയിട്ടിരിക്കുകയാണ്. ശരിക്കും വ്യവസായ മേഖലയില്‍നിന്ന് കേരളത്തില്‍ നല്ലരീതിയില്‍ വരുമാനം ലഭിക്കേണ്ടതാണ്. മദ്യവും പെട്രോളിയം ഉത്പന്നങ്ങളുമല്ലാതെ കേരളത്തിന് വേറെ കാര്യമായ വരുമാനമില്ലല്ലോ. അതല്ലെ പ്രശ്നം. 

മറ്റ് വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താതെ മുന്നോട്ടുപോകാനാകില്ല. കേരളത്തിനെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം. ടൂറിസം തന്നെ ആലോചിച്ചു നോക്കു. സ്വകാര്യ സംരംഭകര്‍ ഉണ്ടായിരുന്നതുകൊണ്ടല്ലെ ടൂറിസം ഇത്രയും നിന്നത്. അല്ലാതെ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എന്ത് തേങ്ങയായിരുന്നു ഉണ്ടായിരുന്നത്.

ഗള്‍ഫ് രാജ്യങ്ങളെ നോക്കു. പെട്രോളിയം കയറ്റുമതിയാണ് അവരുടെ പ്രധാന വരുമാന മാര്‍ഗം. എല്ലാവരും പെട്രോളിതര ഊര്‍ജത്തിലേക്ക് മാറിയാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ പൂട്ടേണ്ടി വരും. അതുമുന്നില്‍ കണ്ട് അവരിപ്പോഴെ ടൂറിസത്തിനെ പ്രോത്സാഹിപ്പിച്ചു തുടങ്ങി. ആള്‍ക്കാരെ ആകര്‍ഷിക്കാനുള്ള നടപടികള്‍ തുടങ്ങി. 

വിഎസ്എസ്സിയിലേക്ക് സാധനം കൊണ്ടുവന്നപ്പോള്‍ 10 ലക്ഷം നോക്കുകൂലി ചോദിച്ച നാടാണിത്. പിന്നെങ്ങനെയാണ് നാട്ടില്‍ ഒരു സംരംഭകന്‍ വരുന്നത്. കൈയില്‍ കാശുള്ള സുഹൃത്തുക്കളോട് ഇവിടെ മുതല്‍ മുടക്കാന്‍ ആരെങ്കിലും പറയുമോ. നാടൊക്കെ നമുക്ക് ഇഷ്ടമാണ്. പക്ഷെ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്ത് കാണാന്‍ നമ്മള്‍ക്കാഗ്രഹമുണ്ടാകില്ലല്ലോ. കേരളത്തില്‍ മുതല്‍മുടക്കാന്‍ ആളുകള്‍ വന്നില്ലെങ്കില്‍ കാര്യം കഴിഞ്ഞു. കിറ്റക്സ് ഉള്‍പ്പെടെയുള്ളവരെ ഓടിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. 

ജിഎസ്ടി കൊണ്ടുവന്നാലും പെട്രോളിന് വിലകുറയില്ലെന്നാണ് ചിലര്‍ പറയുന്നത്. ഗ്യാസിന് ജിഎസ്ടിയുണ്ടെന്നും എന്നിട്ടും വില കുറയുന്നില്ലല്ലോ എന്നുമാണ് മറുപക്ഷം വാദിക്കുന്നത്?

ഞാന്‍ കണ്ടു. പാചകവാതകം എന്നുമുതലാണ് ജിഎസ്ടിയില്‍ ഉള്‍പ്പെട്ടതെന്ന് എനിക്കറിയില്ല. അക്കാര്യം ഞാന്‍ അന്വേഷിക്കും. ജിഎസടിയുമായി ബന്ധപ്പെട്ട് എന്റെ ഫെയ്സ്ബുക്ക് കുറിപ്പിനടിയില്‍ ഇത്തരം കമന്റുകള്‍ കണ്ടിരുന്നു. പെട്രോളിയത്തിന്റെ ഒരു ഉത്പന്നങ്ങളും ജിഎസ്ടിയില്‍ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ഇത്തരം വാദങ്ങള്‍ മനഃപൂര്‍വം തെറ്റിധരിപ്പിക്കാനാണ് ഉന്നയിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്. പെട്രോളിയും ആല്‍ക്കഹോളും ജിഎസ്ടിക്ക് പുറത്താണ് ഇതുവരെ. അത് ഉള്‍പ്പെടുത്താന്‍ ഇതുവരെ സംസ്ഥാനങ്ങള്‍ സമ്മതിച്ചിട്ടില്ല. 

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയല്ല പകരം കേന്ദ്രം ചുമത്തിയ അധിക നികുതി പിന്‍വലിച്ചാല്‍ തന്നെ പെട്രോളിന് വിലകുറയുമല്ലോയെന്നാണ് ധനകാര്യ മന്ത്രി ചോദിക്കുന്നത്‌?

പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി നോക്കട്ടെ, ജനത്തിന് ഉപകാരമുണ്ടെങ്കില്‍ എന്തിനാണ് കേരളം അതിനെ എതിര്‍ക്കുന്നത്. കേരളത്തിന്റെ വരുമാനം കുറയും. കേരളത്തിന് മാത്രമല്ല എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. കേന്ദ്രം വിചാരിച്ചാല്‍ മാത്രം നടപ്പിലാക്കാന്‍ പറ്റുന്നതല്ല ഇക്കാര്യം. 70 ശതമാനം സംസ്ഥാനങ്ങളും അംഗീകരിച്ചാല്‍ മാത്രമേ ഇക്കാര്യം നടപ്പിലാക്കാന്‍ സാധിക്കു.

content highlights: bjp leader krishnakumar criticize state goverment