കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. എംപിമാരുടെ ചാനല്‍ ചര്‍ച്ചകളെയും മോദിക്കു നേരെയുള്ള വിമര്‍ശനങ്ങളെയുമാണ് സുരേന്ദ്രന്‍ വിമര്‍ശിച്ചത്. 

അന്തിക്ക് കുളിച്ച് കുറിയുംതൊട്ട് ചാനലില്‍ വന്നിരുന്നു ചര്‍ച്ചിക്കുന്നതാണ് കേരളത്തിലെ എംപിമാരുടെ ജനസേവനമെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. 

പാര്‍ലമെന്റ് സ്തംഭിപ്പിക്കുകയും യാത്രാപ്പടിയും അലവന്‍സും എഴുതിവാങ്ങിക്കുകയും ചെയ്യുന്ന നിര്‍ഗുണ പരബ്രഹ്മങ്ങളായ എംപിമാരെ 2019 വരെ സഹിക്കേണ്ട ഗതികേടിലാണ് കേരളത്തിലെ ജനങ്ങള്‍ എന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചാനലില്‍ വന്നിരുന്നു പ്രസംഗിക്കാന്‍ മാത്രമായി നമുക്കെന്തിനാണ് ഈ എം. പി മാര്‍? പാര്‍ലമെന്റ് സ്തംഭിപ്പിക്കുക, യാത്രാപ്പടിയും അലവന്‍സുകളും എഴുതിവാങ്ങുക, മോദിയെ നാഴികയ്ക്കു നാല്‍പ്പതുവട്ടം ചീത്തവിളിക്കുക, അന്തിക്ക് കുളിച്ചു കുപ്പായവുമിട്ട് നല്ല മേക്കപ്പും ചെയ്ത് ചര്‍ച്ചിക്കുക ഇതാണ് ഒട്ടുമിക്ക കേരളാ എം. പി മാരുടേയും ജനസേവനം. നിര്‍ഗ്ഗുണപരബ്രഹ്മങ്ങളായ ഈ എം. പി മാരെ ചുമക്കേണ്ട ഗതികേടിലാണ് 2019 വരെ കേരളീയര്‍.