സി.കെ. പത്മനാഭൻ| Photo: Mathrubhumi
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് സി.കെ. പത്മനാഭന്‍. പാലാ ബിഷപ്പിന്‍റെ പ്രസ്താവനയില്‍ വലിയ ഗൗരവമുണ്ടെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു പത്മനാഭന്റെ പ്രതികരണം.
പള്ളിയില്‍ നടത്തുന്ന പ്രസംഗത്തില്‍, അതിലൊരു ജിഹാദ് എന്ന് കൂട്ടി അങ്ങ് പറഞ്ഞു എന്നല്ലാതെ അതില്‍പ്പരം അതിനെന്തെങ്കിലും ഗൗരവമുണ്ടെന്ന് തോന്നുന്നില്ലെന്ന് പത്മനാഭന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിന്റെ തലയില്‍ചാര്‍ത്തി, അതാണ് കാരണം എന്നു പറയുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദിന് ഇരയാക്കുന്നെന്നായിരുന്നു പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പരമാര്‍ശം. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ബിഷപ്പിന്റെ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചു. ബിഷപ്പിന് അനുകൂലമായ നിലപാടായിരുന്നു ബി.ജെ.പി. സ്വീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് പത്മനാഭന്റെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്ന് പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് സംരക്ഷണമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കേരള ബി.ജെ.പി. കത്തയച്ചിരുന്നു. ബി.ജെ.പി നേതാവ് ജോര്‍ജ് കുര്യനാണ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചത്.
content highlights: bjp leader ck pathmanabhan on pala bishop narcotic jihad controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..