തിരുവനന്തപുരം: തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി ഇ.ഡി.യെ രാഷ്ട്രീയമായി ബിജെപി ഉപയോഗിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനത്തിന് കേന്ദ്ര ധനമന്ത്രി തന്നെ നേതൃത്വം കൊടുക്കുകയാണ്. കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മസാലബോണ്ട് സംബന്ധിച്ച് കിഫ്ബിയ്‌ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത സാഹചര്യത്തില്‍ പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി മനോവീര്യം തകര്‍ക്കാനാണ് ഇ.ഡിയുടെ ശ്രമം. രണ്ടുവട്ടം കിഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. ചോദ്യംചെയ്യലില്‍ ഇഡിക്ക് ലഭിക്കണമെന്ന് ആഗ്രഹമുള്ള ഉത്തരമാണ് അവര്‍ തേടുന്നത്. കേരള  സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ല. സംസ്ഥാനവുമായി ഏറ്റുമുട്ടലിനാണ് കേന്ദ്രസര്‍ക്കാര്‍ കോപ്പുകൂട്ടുന്നതെങ്കില്‍ പേടിച്ച് പിന്‍മാറാന്‍ തീരുമാനിച്ചിട്ടില്ലെന്നും ധനമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കാനുള്ള വലിയ ഗൂഢാലോചനയാണ് നടക്കുന്നത്. മസാല ബോണ്ട് വിദേശനാണയ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണെന്നാണ് ഇ.ഡി. ആരോപിക്കുന്നത്. വിദേശ വായ്പ സംബന്ധിച്ച് നിയമം ഉണ്ടാക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനു മാത്രമേ വിദേശ വായ്പ എടുക്കാനാവൂ എന്ന സിഎജിയുടെ കണ്ടെത്തല്‍ വിഡ്ഢിത്തമാണ്.

ഫെമ നിയമത്തിനു കീഴില്‍ വായ്പ എടുക്കുന്നതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതില്‍ ആര്‍ക്കൊക്കെയാണ് വായ്പയെടുക്കാന്‍ അവകാശമുള്ളത് എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുമതിയുണ്ടെങ്കില്‍ ഇന്ത്യയിലെ ഏത് ബോഡി കോര്‍പറേറ്റിനും വായ്പയെടുക്കാം. മാര്‍ഗനിര്‍ദേശ പ്രകാരം കിഫ്ബി ബാങ്കുകള്‍ വഴി ആര്‍ബിഐയുടെ അനുമതിക്ക് അപേക്ഷിക്കുകയും അനുമതി ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് വായ്പയെടുത്തത്. അത് എന്തിനുവേണ്ടി വിനിയോഗിച്ചു എന്ന കാര്യത്തില്‍ റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.

കേരള സര്‍ക്കാരല്ല വായ്പയെടുത്തിരിക്കുന്നത്. കിഫ്ബി നിയമം പ്രകാരം ബോര്‍ഡി കോര്‍പറേറ്റ് എന്നാണ് കിഫ്ബിയെ നിര്‍വചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളെടുക്കുന്ന വായ്പാ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം 293നു കീഴില്‍ കിഫ്ബി വരില്ല. അതുകൊണ്ടുതന്നെ ഭരണഘടനാ ലംഘനവുമല്ല.

ആരുടെയും കള്ളപ്പണം വെളുപ്പിക്കാന്‍ കിഫ്ബിയെ ഉപയോഗിക്കാന്‍ സാധിക്കില്ല. കിഫ്ബി എങ്ങനെയാണ് ധനസമാഹരണം നടത്തുന്നതെന്ന് പ്രാഥമിക ധാരണ പോലും ഇല്ലാതെ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: BJP is using ED politically, KIIFB- Thomas Isaac