കെ. സുരേന്ദ്രൻ | ഫോട്ടോ: മാതൃഭൂമി
തൃശൂര്‍: കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം തന്റേതല്ലെന്ന് ധര്‍മ്മരാജന്റെ മൊഴി. പണം നഷ്ടപ്പെട്ട ശേഷം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ ബന്ധപ്പട്ടിരുന്നു. സംഭവത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ 'വിശ്വാസം വരുന്നില്ല' എന്നുപറഞ്ഞ് സുരേന്ദ്രന് ഫോണ്‍ കട്ട് ചെയ്തതായാണ് ധര്‍മ്മരാജന്റെ മൊഴി. പിന്നീട് ഏപ്രില്‍ മൂന്നിന് സുരേന്ദ്രനെ വിളിച്ച് കാര്യങ്ങള്‍ വിശദമായി അറിയിച്ചതായും ധര്‍മ്മരാജന്റെ മൊഴിയിലുണ്ട്.
പരാതി നല്കിയാല് കുടുങ്ങുമെന്ന് ബി.ജെ.പി ജില്ലാ നേതാക്കള്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് പരാതി നല്കാന് വൈകിയത്. തിരഞ്ഞെടുപ്പായതിനാല്‍ ഇപ്പോള്‍ ഒരു നടപടിയും വേണ്ട എന്നതായിരുന്നു ജില്ലാ നേതാക്കളുടെ നിലപാട്. ഈ വിവരം പുറത്ത് വന്നാല്‍ ഇ.ശ്രീധരനും ജേക്കബ് തോമസും പാര്‍ട്ടി വിടുമെന്നും ജില്ലാ നേതാക്കള്‍ പറഞ്ഞതായി ധര്‍മ്മരാജന്റെ മൊഴിയിലുണ്ട്.
ബി.ജെ.പി. ഈ സംഭവത്തില്‍ സമാന്തര പോലീസായി പ്രവര്‍ത്തിച്ചു, കവര്‍ച്ചക്കാരെ കണ്ടെത്താന്‍ ഒരു ബി.ജെ.പി. നേതാവ് പ്രതിയായ റഷീദിനെ തൃശൂരിലെ ഒരു ലോഡ്ജില്‍ വെച്ച് ചോദ്യം ചെയ്തു എന്നു തുടങ്ങിയ ഗുരുതര അരോപണങ്ങളാണ് ധര്‍മ്മരാജന്റെ മൊഴിയിലുള്ളത്. കൊടകരയില്‍ കുഴല്‍പ്പണം കവര്‍ച്ച ചെയ്തതുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലെ മൊഴിപ്പകര്‍പ്പുകള്‍ പുറത്തേക്ക് വരുമ്പോള്‍ ധര്‍മ്മരാജനും ബി.ജെ.പി നേതൃത്വവും തമ്മിലുള്ള അടുത്ത ബന്ധവും വെളിപ്പെടുകയാണ്.
കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസമാണ് കോടതിയിന്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇരിങ്ങാലക്കുട കോടതിയിലാണ് 625 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഏഴാം സാക്ഷിയാണ് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
Content Highlights: BJP in defence as dharmarajan opens up in kodakara case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..