തൃശ്ശൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പിക്കാന്‍ ശ്രമിച്ചതിന് തൃശ്ശൂരില്‍ ഒന്‍പത് പേരെ ബി.ജെ.പി. പുറത്താക്കി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.കേശവദാസ്, കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബിക തുടങ്ങി ഒന്‍പതുപേരെയാണ് പുറത്താക്കിയത്. 

പോണത്ത് ബാബു(കയ്പമംഗലം), ചന്ദ്രന്‍ മാടക്കത്തറ(ഒല്ലൂര്‍), കെ. കേശവദാസ്(തൃശ്ശൂര്‍), ലളിതാംബിക(തൃശ്ശൂര്‍), അരുണ കേശവദാസ്(തൃശ്ശൂര്‍), മനീഷ്(തൃശ്ശൂര്‍), പ്രശോഭ് മോഹന്‍(ഗുരുവായൂര്‍), ജ്യോതി കൂളിയാട്ട്(ഗുരുവായൂര്‍), ഉഷാ ദിവാകരന്‍(ചേലക്കര) എന്നിവരെ ബി.ജെ.പി. പ്രാഥമികാംഗത്വത്തില്‍നിന്ന് ആറുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തതായി ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാര്‍ അറിയിച്ചു.

ബി.ജെ.പി.യുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി.ഗോപാലകൃഷ്ണന്‍ തോറ്റ കുട്ടന്‍കുളങ്ങര ഡിവിഷനിലെ സിറ്റിങ് കൗണ്‍സിലറായിരുന്നു ലളിതാംബിക. കുട്ടന്‍കുളങ്ങരയില്‍ മികച്ച വിജയപ്രതീക്ഷയായിരുന്നു ബി.ജെ.പിക്ക് ഉണ്ടായിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ബി.ഗോപാലകൃഷ്ണനെ ഇവിടെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍ ഡിവിഷനില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച ലളിതാംബികയെ തഴഞ്ഞ് ഗോപാലകൃഷ്ണനെ ഇവിടെ മത്സരിപ്പിക്കുന്നതില്‍ തുടക്കത്തില്‍ തന്നെ ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ലളിതാംബിക പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു. 

സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രന്റെ അറിവോടുകൂടിയാണ് തീരുമാനമെന്നും ഇവരെ പുറത്താക്കിക്കൊണ്ടുളള കത്തില്‍ ബി.ജെ.പി വ്യക്തമാക്കുന്നു.

Content Highlights:BJP has expelled nine people in Thrissur for trying to defeat the party in the local body election