കൊല്ലം: കൊല്ലം ജില്ലയില്‍ ഞായറാഴ്ച ബിജെപി ഹര്‍ത്താല്‍. കടയ്ക്കലില്‍ വെട്ടേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്ത്തകന് രവീന്ദ്രനാഥ് (58) മരിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥാണ് ഹര്‍ത്താല്‍ വിവരം അറിയിച്ചത്.
ഈ മാസം രണ്ടാം തീയതി രാത്രി കടയ്ക്കല്‍ ക്ഷേത്രോല്‍സവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിലാണ് രവീന്ദ്രനാഥിന് വെട്ടേറ്റത്. പരിക്കേറ്റ അന്ന് മുതല്‍ രവീന്ദ്രനാഥ് അബോധാവസ്ഥയിലായിരുന്നു.
മെഡിക്കല്‍ കോളേജാസ്പത്രിയില്‍ ചികില്‍സയിലിരിക്കേയായിരുന്നു മരണം. റിട്ടയേര്‍ഡ് എസ്ഐ ആണ് രവീന്ദ്രനാഥ്. ശവസംസ്കാരം നാളെ ഉച്ചയ്ക്ക് പന്ത്രണ്ടിന് കടയ്ക്കലില്‍ നടക്കും.
സംഭവത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അപലപിച്ചു. കേരളത്തില്‍ ജനാധിപത്യമല്ല ഗുണ്ടാരാജാണ് നടമാടുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. കടയ്ക്കലില്‍ നിരപരാധിയായ രവീന്ദ്രനാഥിനെ പൊലീസിന്റെ മുന്നിലിട്ടാണ് മര്‍ദ്ദിച്ചത്.
പൊലീസ് ഇടപെട്ടിരുന്നുവെങ്കില്‍ മുന്‍ സബ് ഇന്‍സ്പെക്ടര്‍ കൂടിയായ അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. മുന്‍ സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ പോലും പൊലീസ് തയ്യാറാകാത്തത് അവര്‍ മറ്റാരുടേയോ ആജ്ഞ അനുസരിക്കുന്നത് കൊണ്ടാണ്. പൊലീസിന് മേലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് നഷ്ടമായിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.