കോഴിക്കോട്/തിരുവനന്തപുരം: ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലിനേത്തുടര്‍ന്ന് സംസ്ഥാനത്ത് അക്രമം വ്യാപകമാകുന്നു. തൃശ്ശൂര്‍ വാടാനപ്പള്ളിയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. നെടുമങ്ങാട്ട് പോലീസ് സ്‌റ്റേഷനുമുന്നില്‍ പ്രതിഷേധക്കാര്‍ ബോംബെറിഞ്ഞു. കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കടകള്‍ക്ക് നേരെ ആക്രമണമുണ്ടായി. 

നെടുമങ്ങാട്ട് സ്വകാര്യ ബാങ്ക് അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് ബോംബേറിലേക്ക് വ്യാപിച്ചത്. പോലീസ് അറസ്റ്റു ചെയ്തവരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബലംപ്രയോഗിച്ച് മോചിപ്പിച്ചിരുന്നു. സ്റ്റേഷനുമുന്നില്‍ ബിജെപി, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷമുണ്ടായി. ഇതിനിടെയാണ് പോലീസിന് നേരെ മൂന്നുതവണ ബോംബേറുണ്ടായത്.  എസ്.ഐസുനില്‍ ഗോപിക്ക് പരിക്കേറ്റു. മലയിന്‍കീഴിലും സംഘര്‍ഷമുണ്ടായി. നെടുമങ്ങാട്, മലയിന്‍കീഴ് മേഖലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

SI Nedumangadu
സുനിൽ ഗോപി

ഇന്നലെ മുതല്‍ വാടാനപ്പള്ളിയില്‍ നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥയുടെ തുടര്‍ച്ചയായാണ് ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റത്. ശ്രീജിത്ത്, സുജിത്ത്, രതീഷ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനമായെത്തിയപ്പോള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. കുത്തേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎമ്മിന്റെ വടക്കാഞ്ചേരി ഓഫീസിനു നേരെ ആക്രമണം ഉണ്ടായി. കനത്ത സുരക്ഷയാണ് തൃശ്ശൂര്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

പാലക്കാട് മണിക്കൂറുകളായി സംഘര്‍ഷാവസ്ഥ തുടരുകയാണ്. കല്‍പാത്തി ഭാഗത്താണ്  അക്രമ സംഭവങ്ങള്‍ കൂടുതലായി നടന്നത്. കര്‍മസമിതിയുടെ പ്രകടനത്തിനു നേരെ കല്ലേറുണ്ടായതാണ് അക്രമത്തിന് തുടക്കമായത്. വിക്ടോറിയ കോളേജ് ഹോസ്റ്റല്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് വിക്ടോറിയ കോളേജിന് അടുത്തുള്ള സിപിഐ ഓഫീസ് തകര്‍ത്തു. ഫര്‍ണിച്ചറുകളും വാഹനങ്ങളും തകര്‍ത്തു. 

തുടര്‍ന്ന് പോലീസ് എത്തി ടിയര്‍ ഗ്യാസ് പ്രയോഗിക്കുകയും ലാത്തി വീശി പ്രവര്‍ത്തകരെ ഓടിക്കുകയും ചെയ്തു. നിരവധി അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒറ്റപ്പാലത്തും സംഘര്‍ഷമുണ്ടായി. പാലക്കാട് എസ്പി അടക്കം നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കോഴിക്കോട് മിഠായിത്തെരുവില്‍ തുറന്ന കടകള്‍ അടപ്പിക്കാന്‍ മിഠായിത്തെരുവിലെത്തിയ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരും വ്യാപാരികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. മിഠായിത്തെരുവിനു സമീപത്തെ കോയെന്‍കോ ബസാറിലെ അഞ്ചിലധികം കടകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. അക്രമം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രകടനമായെത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍  തുറന്ന കട അടപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വ്യാപാരികള്‍ തടഞ്ഞു. തുടര്‍ന്നാണ് സംഘര്‍ഷത്തിലേയ്ക്കു നീങ്ങിയത്. ആദ്യം നിഷ്‌ക്രിയമായി നിന്ന പോലീസ് പിന്നീട് അക്രമികള്‍ക്കുനേരെ ലാത്തി വീശി. അക്രമികളായ അറുപതോളം പേരെ അറസ്റ്റ് ചെയ്തു നീക്കി.

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ തിരുവനന്തപുരത്ത് നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് റിപ്പോര്‍ട്ടിങ് നിര്‍ത്തിവെച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.

Content Highlights: BJP hartal, sabarimala women entry, RSS, bjp hartal