തൃപ്പൂണിത്തുറ: ബിജെപിക്ക് കേരളത്തില്‍നിന്ന് ഒരു എംപിപോലും ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് ഒരു വിവേചനവും കാട്ടിയിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിനായി കേന്ദ്രം നിരവധി കാര്യങ്ങള്‍ ചെയ്‌തെന്നും അവര്‍ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ സംസാരിക്കുകയായിരുന്നു നിര്‍മല സീതാരാമന്‍.

കേരളത്തില്‍നിന്ന് ഒരു എംപിപോലും ബിജെപിക്ക് ഇല്ല. എന്നാല്‍ മോദിജി വിവേചനം കാണിച്ചില്ല. ഇവിടെനിന്ന് ഒരും എംപിയുമില്ല, പിന്നെന്തിന് കേരളത്തെ പരിഗണിക്കണം എന്ന് മോദിജി ചോദിച്ചില്ല. എല്ലാ സംസ്ഥാനങ്ങളും മുന്നേറണം എന്നാണ് മോദിജി ആഗ്രഹിക്കുന്നത് -  നിര്‍മല സീതാരാമന്‍ പറഞ്ഞു.

പാല്‍ലമെന്റില്‍ ബിജെപിയുടെ പ്രതിനിധികള്‍ ഇല്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനുവേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തു. കേരളത്തിലെ ദേശീയ പാതയ്ക്ക് സര്‍ക്കാര്‍ നീക്കിവെച്ചത് 65000 കോടി രൂപയാണ്. കൊച്ചി മെട്രോയ്ക്ക് 1957 കോടി രൂപ കൊടുത്തു. 5070 കോടി രൂപയാണ് പുഗല്ലൂര്‍-തൃശ്ശൂര്‍ ട്രാന്‍സ്മിഷന്‍ പ്രോജക്ടിനായി നല്‍കിയത്. കാസര്‍കോട് സോളാര്‍ പവര്‍ പ്രോജക്ട്, അരുവിക്കര വാട്ടര്‍ ട്രീറ്റ്‌മെന്റ് എന്നിവയെല്ലാം അടക്കമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

47 വര്‍ഷം മുന്‍പ് നിര്‍മാണം ആരംഭിച്ച ആലപ്പുഴ ബൈപ്പാസ് ഇപ്പോഴാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. 47 വര്‍ഷമായിട്ടും എല്‍ഡിഎഫിനോ യുഡിഎഫിനോ അത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Content Highlights: BJP did not have a single MP, but Modi did not discriminate against Kerala- Nirmala Sitharaman