ന്യൂഡല്‍ഹി: കുഴല്‍പ്പണ കേസില്‍ ബി.ജെ.പി. സംസ്ഥാന ഘടകത്തെ പിന്തുണച്ച് കേന്ദ്ര നേതൃത്വം. സംസ്ഥാന സര്‍ക്കാരിനെതിരായ പോരാട്ടം ശക്തമാക്കാന്‍ ദേശീയാധ്യക്ഷന്‍ ജെ.പി. നഡ്ഡ നിര്‍ദേശം നല്‍കിയതായി കെ. സുരേന്ദ്രന്‍ പറഞ്ഞു. നഡ്ഡയുടമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. 

കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച് നഡ്ഡയെ അറിയിച്ചതായി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തിനും കള്ളക്കേസുകള്‍ക്കും എതിരായി ശക്തമായി പ്രതികരിക്കാന്‍ നഡ്ഡ നിര്‍ദേശിച്ചതായി സുരേന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്റെ ഫാസിസ്റ്റ് നടപടികള്‍ക്കെതിരായി പോരാട്ടം നടത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടതായും സുരേന്ദ്രന്‍ വ്യക്തമാക്കി.

കുഴല്‍പ്പണ ആരോപണവുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കെ. സുരേന്ദ്രന്‍ നഡ്ഡയുടെ വസതിയില്‍വെച്ച് കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രമന്ത്രി വി. മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുത്തു.

Content Highlights: BJP central leadership backs K Surendran, JP Nadda