തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ബിജെപി ആഹ്വാനം ചെയ്തു.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ്‌ ഹര്‍ത്താല്‍

ശനിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് തിരുവനന്തപുരം ശ്രീകാര്യത്ത് ബിജെപി പ്രവര്‍ത്തകന്‍ രാജേഷ് വെട്ടേറ്റു മരിച്ചത്. 

കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നഗരത്തില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരുന്നു ഇതിനിടയിലാണ്  ആര്‍.എസ്.എസ് കാര്യവാഹകായ ഇടവക്കോട് രാജേഷിനെ ഒരു സംഘം ആക്രമിച്ചത്.

വലതുകൈ അറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ പതിനൊന്നരയോടെ മരണപ്പെടുകയായിരുന്നു. 

ഇയാളുടെ രണ്ട് കാലിനും ഇടതുകൈയ്ക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്നും ശരീരത്തതില്‍ നാല്‍പ്പതോളം വെട്ടേറ്റ പാടുകളുണ്ടെന്നുമാണ് പരിശോധിച്ച ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

ശ്രീകാര്യത്ത് വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചു......

രാജേഷിന്റെ മരണവിവരം അറിഞ്ഞ് ആശുപത്രിയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജേശഖരന്‍ മൃതദേഹം കണ്ട ശേഷമാണ് ഞായറാഴ്ച്ച ഹര്‍ത്തലായിരിക്കുമെന്ന്  പ്രഖ്യാപിച്ചത്. 

അപ്രതീക്ഷിതമായ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മൂലം ജനങ്ങള്‍ക്കുണ്ടാക്കുന്ന പ്രയാസത്തില്‍ ഖേദമുണ്ടെന്നും എന്നാല്‍ ബിജെപിയേയും ആര്‍എസ്എസിനേയും ഇല്ലാതാക്കാനുള്ള സിപിഎം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും കുമ്മനം പറഞ്ഞു.