കാസര്‍ക്കോട് : വനിതാ മതിലിനു നേരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരം. അംഗടിമുഗര്‍ സ്വദേശികളായ സ്ത്രീകളെ മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്.

കാഞ്ഞങ്ങാട് ചേറ്റുകുണ്ടില്‍ വനിതാ മതിലിന് നേരെ ആക്രമണം നടന്നതിന് പിന്നാലെയാണ് സംഭവം. കാസര്‍ക്കോട് ടൗണില്‍ വനിതാമതിലില്‍ പങ്കെടുത്ത് പോവുകയായിരുന്നു വാഹനത്തിന് നേരെ മായിപ്പടിയില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു.

ആക്രമണത്തില്‍ വാഹനത്തിലുണ്ടായിരുന്ന അംഗടിമുഗര്‍ സ്വദേശികളായ ഹൗവ്വാബി, സരസ്വതി തുടങ്ങിയ നാല് പേര്‍ക്കാണ് പരിക്കേറ്റത്.

കാസര്‍ക്കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇരുവരുടെയും പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് മാംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കല്ലേറില്‍ തലക്കും മൂക്കിനും പരിക്കേറ്റ ഇരുവരുടെയും രക്തസ്രാവം നിയന്ത്രിക്കാനായിട്ടില്ല. മറ്റ് രണ്ട് പേരുടെ പരിക്ക് നിസ്സാരമാണ്. അക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 10 ബിജെപി പ്രവര്‍ത്ത് നേരെ വധശ്രമത്തിന് കേസ്സെടുത്തു. ചേറ്റുകുണ്ടിലെ സംഭവം ഉള്‍പ്പെടെ 300 ഓളം പേര്‍ക്കെതിരേ കേസ്സെടുത്തിട്ടുണ്ട്.

content highlights: BJP attack against women wall, two women hospitalised, serious injuries