ന്യൂഡല്‍ഹി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവാന്‍ ബി.ജെ.പി സമീപിച്ചിരുന്നതായി മുന്‍ ഇടതുപക്ഷ സ്വതന്ത്ര എം.പി ഡോ. സെബാസ്റ്റിയന് പോള്‍. തോറ്റാല്‍ രാജ്യസഭാംഗത്വവും വാഗ്ദാനം ചെയ്തെന്നാണ് വെളിപ്പെടുത്തല്‍. വ്യാഴാഴ്ച പുറത്തിറങ്ങുന്ന 'എന്റെ കാലം എന്റെ ലോകം' എന്ന ആത്മകഥാരൂപത്തിലുള്ള പുസ്തകത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ തുറന്നു പറച്ചില്. ഐക്യമുന്നണി, യു.പി.എ സര്‍ക്കാരുകളുടെ കാലത്ത് കേന്ദ്രമന്ത്രിസ്ഥാനത്തേയ്ക്കും തന്റെ പേരുയര്ന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു.
പുസ്തകത്തില്‍ പറയുന്നതിങ്ങനെ:
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം എന്ന സ്ഥാനാര്‍ഥിയായി പരിഗണിച്ചില്ല. ഞാന്‍ ആവശ്യപ്പെട്ടതുമില്ല. പക്ഷെ, മത്സരിക്കുന്നതിനു ബി.ജെ.പിയില്‍ നിന്ന് ഓഫര്‍ വന്നു. ഓഫര്‍ നിരസിച്ചപ്പോള്‍ ദൂതന് പറഞ്ഞു. 'റിസല്‍ട്ടിനെക്കരുതി ആശങ്ക വേണ്ട. തോറ്റാല്‍ രാജ്യസഭ തരാം. ഓഫര്‍ സ്വീകരിച്ചാല്‍ ആറു വര്‍ഷം കഴിഞ്ഞ് എക്സ് എം.പിയാകും. ഞാന്‍ പറഞ്ഞു. 'ഇപ്പോള്‍ തന്നെ അതാണല്ലോ'
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും സമാനമായ ഓഫര്‍ ഉണ്ടായിരുന്നു. ഓഫറുകള്‍ ആകര്‍ഷകമാണ്. അവ സ്വീകരിക്കുന്നവര്‍ സമര്‍ഥരും. എന്നാല്‍, അവസരങ്ങളേക്കാള്‍ വലുതാണ് നിലപാടുകള്‍.
മന്ത്രിപദ വാഗ്ദാനങ്ങളെപ്പറ്റി:
മന്ത്രിസഭയില്‍ ചേരാതെ ഐക്യമുന്നണി സര്‍ക്കാറിന് സി.പി.എം പിന്തുണ കൊടുക്കുന്ന കാലത്താണ് ഞാന്‍ പാര്‍ലമെന്റിലെത്തിയത്. പ്രധാനമന്ത്രിയാവാനുള്ള ഓഫര്‍ സ്വീകരിക്കാതെ പാര്‍ട്ടി പുറത്തു നിന്ന് മറ്റൊരു പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്ന കാലം. മന്ത്രിസഭയില്‍ ആളില്ലാത്തതിന്റെ പ്രയാസം പാര്‍ട്ടിക്കുണ്ടായിരുന്നു. കാര്യങ്ങള്‍ അറിയിക്കാനും അറിയാനും കഴിയാത്ത അവസ്ഥ. സ്വതന്ത്രനായ എന്നെ സി.പി.എം നോമിനിയായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് ശ്രുതിയുണ്ടായി. സഭയുടെ കാലാവധി പൊടുന്നനെ അവസാനിച്ചില്ലായിരുന്നെങ്കില്‍ അതു ചിലപ്പോള്‍ സംഭവിക്കുമായിരുന്നു.
ഞാന്‍ നിയമസഭയില്‍ എത്തിയപ്പോഴും ചുവന്ന ലൈറ്റിന് അനുകൂലമായ സാഹചര്യമുണ്ടായിരുന്നു. ആലപ്പുഴയില്‍ ടി.ജെ. ആഞ്ജലോസിനെ പുറത്താക്കിയതിനു ശേഷം ലത്തീന്‍ കത്തോലിക്കരെ അടുപ്പിച്ചു നിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി മന്ത്രിസഭയിലേക്ക് എന്നെ പരിഗണിച്ചേയ്ക്കുമെന്ന് പത്രവാര്‍ത്തയുണ്ടായി. പ്രാതിനിധ്യമില്ലാതെ ഇടതുപക്ഷം പിന്തുണ മാത്രം നല്കിയ യു.പി.എ കാലത്തും ചില സാധ്യതകള്‍ തെളിയുന്നതായി മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പി.എം.സെയ്ദ് പറഞ്ഞതായി മാധ്യമകാര്യ സെക്രട്ടറി സുധീര്‍നാഥ് പറഞ്ഞു. പൊടുന്നനെ ബന്ധം ഉലയുകയും യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിക്കുകയും ചെയ്തതോടെ സാധ്യത അവസാനിച്ചു.
കരുണാകരന് വീണില്ലായിരുന്നെങ്കില്‍ ജഡ്ജി:
കരുണാകരന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുരുവായൂരില്‍ വെച്ച് ദണ്ഡപാണിയോട് ജഡ്ജിയാക്കാന്‍ ഒരു ലത്തീന്കാരനെ ആവശ്യമുണ്ടെന്നു പറഞ്ഞു. ദണ്ഡപാണി എന്റെ പേര് പറഞ്ഞതിനു ശേഷം കൂട്ടിച്ചേര്‍ത്തു. 'പക്ഷെ,അയാള്‍ നിങ്ങളുടെ ആളല്ല.' വക്കീലായാല്‍ മതിയെന്നായിരുന്നു കരുണാകരന്റെ മറുപടി. അന്നുവരെ കേരള ഹൈക്കോടതിയില്‍ ലത്തീന്‍ സമുദായത്തില്‍ നിന്ന് ജഡ്ജി ഉണ്ടായിട്ടില്ല. സമുദായത്തിന് പ്രാതിനിധ്യം വേണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും വരാപ്പുഴ അതിരൂപതയും സമ്മര്‍ദ്ദം ചെലുത്തുന്ന കാലം. 1996ലെ തിരഞ്ഞെടുപ്പ് അടുത്തു വരുമ്പോള്‍ സമുദായത്തെ പ്രീണിപ്പിക്കുകയെന്നതായിരുന്നു കരുണാകരന്റെ ലക്ഷ്യം. കൊളീജിയം സമ്പ്രദായം ആയിക്കഴിഞ്ഞിരുന്നെങ്കിലും കരുണാകരനെപ്പോലെ ഒരു മുഖ്യമന്ത്രിക്ക് താല്പര്യമുള്ള പേര് അവിടെയെത്തിക്കാന്‍ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. പക്ഷെ, എന്റെ ഭാഗ്യമെന്നോ നിര്‍ഭാഗ്യമെന്നോ പറയാന്‍ കഴിയാത്ത വിധം അപ്രതീക്ഷിതമായി ഒരു കാര്യം സംഭവിച്ചു. ഐ.എസ്.ആര്.ഒ ചാരക്കേസ് ഉയര്‍ത്തിയ പ്രക്ഷുബ്ധതയില്‍ കാര്യങ്ങളൊക്കെ മങ്ങുകയും ചതിയന്മാരായ സഹപ്രവര്‍ത്തകരുടെ ഉപജാപങ്ങളില്‍പ്പെട്ട് 1995 മാര്‍ച്ചില്‍ കരുണാകരന് രാജിവെയ്ക്കുകയും ചെയ്തു. തുടര്‍ന്ന്, എന്റെ വഴി വ്യത്യസ്തമായി. 1997ല്‍ ഞാന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അതോടെ, ജഡ്ജി എന്ന മോഹം അവസാനിച്ചു. ചാരക്കേസ് ഉയര്‍ത്തിയ പ്രക്ഷുബ്ധതയില്‍ കരുണാകരന് അനുയായികളാല്‍ ക്രൂരമായി ഗളഹസ്തം ചെയ്യപ്പെട്ടിരുന്നില്ലെങ്കില്‍ ഒരുപക്ഷെ, ഞാന്‍ ജഡ്ജിയാവുമായിരുന്നു.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം തഴയപ്പെട്ടതിനെക്കുറിച്ചുള്ള വേദനകളും സെബാസ്റ്റ്യന്‍ പോള്‍ പുസ്തകത്തില്‍ പങ്കുവെയ്ക്കുന്നു. അതേസമയം, സി.പി.എം തഴഞ്ഞതിലെ കാരണം ഇപ്പോഴും അറിയില്ലെന്ന് അദ്ദേഹം പറയുന്നു.
2009ല്‍ സ്ഥാനാര്‍ഥിയാകുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. നിര്‍ണായക പി.ബി യോഗം കഴിഞ്ഞു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് മടങ്ങിയ വിമാനത്തില്‍ അടുത്ത സീറ്റില്‍ താന്‍ ഇരിക്കുന്നുണ്ടായിരുന്നു. മൂന്നു നാലു മണിക്കൂര്‍ അടുത്തു കിട്ടിയിട്ടും സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പിണറായിയോട് ഒന്നും ചോദിച്ചില്ല. - പുസ്തകത്തില്‍ പോള്‍ ഇങ്ങനെ പരാമര്‍ശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..