കാസര്‍ക്കോട്: ഉദ്വേഗഭരിതമായ നിമിഷങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയ കാസര്‍കോട്‌ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തി. രണ്ട് ബി.ജെ.പി. അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫിന് അധികാരത്തിലേയ്ക്കുള്ള വഴി തുറന്നുകൊടുത്തത്. മുസ്ലിംലീഗിലെ എ.ജി.സി ബഷീറാണ് പ്രസിഡന്റ്. രണ്ടു വര്‍ഷത്തേയ്ക്കാണ് ബഷീര്‍ പ്രസിഡന്റാവുക. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബഷീറിന് എട്ടും സി.പി.എമ്മിന്റെ വി.പി.പി.മുസ്തഫയ്ക്ക് ഏഴും വോട്ടാണ് ലഭിച്ചത്.

നേരത്തെ ബി.ജെ.പി.യുടെ രണ്ടംഗങ്ങള്‍ സി.പി.എം. സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കില്ലെന്ന് സി.പി.എം കഴിഞ്ഞ ദിവസം തന്നെ നിലപാട് കൈക്കൊണ്ടിരുന്നു. ബി.ജെ.പി.യുടെ പിന്തുണയോടെ ജയിച്ചാല്‍ രാജിവയ്ക്കുമെന്നും സി.പി.എം. പറഞ്ഞിരുന്നു. ഇതിനുശേഷം വ്യാഴാഴ്ച കാലത്താണ് ബി.ജെ.പി. നിലപാട് മാറ്റിയത്. ജില്ലാ പഞ്ചായത്തില്‍ ഭരണസ്തംഭനം ഉണ്ടാവരുതെന്ന് കരുതിയാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ബി.ജെ.പി. പറഞ്ഞു.