തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ അതിവിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേസില്‍ തൃശ്ശൂര്‍ പോലീസ് ക്ലബ്ബില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായതിന് ശേഷം മാധ്യമങ്ങളോേട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

കുറേ കാര്യങ്ങള്‍ ചോദിച്ചു. എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അന്വേഷണം പ്രധാനമായും പരാതിക്കാരന്റെ കോള്‍ ലിസ്റ്റല്‍ ആരൊക്കെ വിളിച്ചു എന്നത് സംബന്ധിച്ചുമാണ്. അവരെയൊക്കെ അറിയാമോ എന്ന് ചോദിച്ചു. എനിക്കറിയാവുന്ന കാര്യങ്ങള്‍ പറഞ്ഞു. 

അന്വേഷണത്തെക്കുറിച്ച് പോലീസിന് തന്നെ വ്യക്തതയില്ല, വിചിത്രമായ അന്വേഷണമാണ് നടക്കുന്നത്. ഈ കേസില്‍ ഒരു തരത്തിലും പാര്‍ട്ടിയെ ബന്ധിപ്പിക്കാനാവില്ലെന്ന് ഉറപ്പാണ്. ഒരു രാഷ്ട്രീയ നാടകമാണ് നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് രാഷ്ട്രീയ യജമാന്‍മാര്‍ ചെയ്യിക്കുന്നതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. പോലീസ് എന്തൊക്കെയോ ചോദിച്ചുവെന്നും പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു.

പലതരത്തില്‍ പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും സ്ത്രീപീഡനത്തിലും പ്രതിക്കൂട്ടിലായ ഒരു സര്‍ക്കാര്‍ ബിജെപിയെ അപമാനിക്കാന്‍ വേണ്ടി ചോദ്യം ചെയ്യല്‍ നാടകങ്ങള്‍ നടത്തികൊണ്ടിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ബിജെപി അധ്യക്ഷന്‍ എന്ന നിലയിലുമാണ് ഈ അന്വേഷണവുമായി സഹകരിക്കുന്നത്. കേസുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെയാണ് വിളിച്ച് വരുത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.