Screengrab | Mathrubhumi news
കോട്ടയം: എരുമേലി കണമലയില്‍ രണ്ടുപേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലില്ലെന്ന് വ്യക്തമാക്കി വനംവകുപ്പ്. മയക്കുമരുന്ന് വെടിവെക്കാനാണ് വനംവകുപ്പിന്റെ നിര്‍ദേശം. വെടിവച്ചു കൊല്ലുന്നതിന് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രത്യേക അനുമതി വേണം. കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാനാണ് കളക്ടര്‍ ഉത്തരവ് നല്‍കിയതെന്നും അതേത്തുടര്‍ന്നാണ് സമരത്തില്‍നിന്ന് പിന്മാറിയതെന്നും കര്‍ഷകരും നാട്ടുകാരും വിശദീകരിക്കുന്നു.
വനം-വന്യജീവി നിയമപ്രകാരം ഷെഡ്യൂള്‍ഡ് 1-ല്‍പ്പെടുന്നതാണ് കാട്ടുപോത്ത്. കടുവയടക്കമുള്ള മൃഗങ്ങള്‍ ഈ ഗണത്തില്‍പ്പെടുന്നു. ഇവയെ വെടിവച്ചുകൊല്ലുന്നതിന് ചില നിയമപരമായ തടസ്സങ്ങളുണ്ട്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ പ്രത്യേക അനുമതിയില്ലാതെ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാനാവില്ല.
കാട്ടുപോത്ത് ആക്രമണത്തിനു പിന്നാലെ അക്രമകാരികളായ ജീവികളെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കുന്നതടക്കമുള്ള ആവശ്യങ്ങള്‍ നേരത്തേ കളക്ടര്‍ പി.കെ. ജയശ്രീയുടെ മുന്നില്‍ നാട്ടുകാര്‍ അവതരിപ്പിച്ചിരുന്നു. ജനങ്ങളുമായി സംസാരിച്ച് കളക്ടര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അറിയിക്കുകയും ചെയ്തു. സി.ആര്‍.പി.സി. 133 പ്രകാരം കളക്ടറുടെ ഉത്തരവ് വന്നു. എന്നാല്‍ ഈ വകുപ്പില്‍ വന്യജീവി എന്നു പറയുന്നില്ല. അക്രമകാരികളായ ജീവികളെ വെടിവച്ചു കൊല്ലാമെന്നാണ് അതില്‍ പറയുന്നത്. അതുകൊണ്ടുതന്നെ കളക്ടറുടെ ഉത്തരവില്‍ അവ്യക്തത നിലനില്‍ക്കുന്നു.
ഉത്തരവില്‍നിന്ന് പിന്മാറുന്ന പക്ഷം മരിച്ച തോമസിന്റെ മൃതദേഹം വെച്ചുകൊണ്ട് കണമലയില്‍ വീണ്ടും പ്രതിഷേധിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. വൈകുന്നേരം സെമിത്തേരിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ മൃതദേഹം കണമല കവലയിലെത്തിച്ച് തുടര്‍പ്രതിഷേധമുണ്ടാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി അറിയിച്ചു.
അതേസമയം, കാട്ടുപോത്തിനെ കണ്ടെത്താനും ജനവാസമേഖലയില്‍ എത്താതിരിക്കാനുമുള്ള മുന്‍കരുതലെടുക്കുന്നതിനുമായി വനം വകുപ്പും പോലീസും വിവിധ മേഖലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഇതിനായി തേക്കടിയില്‍നിന്നുള്ള പ്രത്യേക വനംവകുപ്പ് സംഘം സ്ഥലത്തെത്തി. വന്യജീവി എന്ന പരിരക്ഷയുള്ളതിനാല്‍ ഇവയെ കാട്ടില്‍ കണ്ടെത്തിയാല്‍ വെടിവയ്ക്കാനാവില്ല. എന്നാല്‍, ജനവാസമേഖലയിലെത്തിയാല്‍ വെടിവയ്ക്കാന്‍ കഴിയുമെന്ന് വനംവകുപ്പ് വിശദീകരിക്കുന്നു.
Content Highlights: bison attack, erumeli, forest department, wildlife attack


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..