കൊച്ചി: പാലാ ബിഷപ്പ് നടത്തിയ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഈ കാലഘട്ടത്തിന് ചേര്‍ന്നതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ്. പാലാ ബിഷപ്പിനേപ്പൊലെ ഒരാള്‍ പറയാന്‍ പാടില്ലാത്തതാണ് അതെന്നും മതതീവ്രവാദത്തിന് ഇന്ധനം പകരുന്ന നടപടികള്‍ക്കെതിരേയുള്ള നിലപാടുകളാണ് ഇന്ന് ഉണ്ടാകേണ്ടതെന്നും പിടി തോമസ് പറഞ്ഞു.

മതസൗഹാര്‍ദം വളര്‍ത്താനോ ഊട്ടിയുറപ്പിക്കാനോ ഉതകുന്ന പ്രസ്താവനകളാണ് എല്ലാ തലങ്ങളിലും ഇന്ന് ഉണ്ടാകേണ്ടത്. എന്നാല്‍, ബിഷപ്പിന്റെ പരാമര്‍ശം വളരെ ഖേദകരമാണ്. അത് കേരളത്തിന്റെ സാമുദായിക സൗഹാര്‍ദത്തെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ ഇടയുള്ള ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വര്‍ത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതല്‍. ജാതി- മതാടിസ്ഥാനത്തില്‍ കുറ്റവാളികള്‍ പ്രവര്‍ത്തിക്കുന്നത് ആധുനിക കാലഘട്ടത്തില്‍ വിരളമാണ്. ഇത്തരം നിരീക്ഷണങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന വിള്ളല്‍ അപകടരമാണ്. എന്നും മതസൗഹാര്‍ദ്ദം പുലര്‍ത്തിപ്പോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.

ആയുധം കൊണ്ട് കീഴടക്കാന്‍ കഴിയാത്തിടത്ത് ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും പോലുള്ളവ സജീവമാണെന്നും കേരളത്തില്‍ ഇതിനായി പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുമായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കള്ളറങ്ങാട്ടിന്റെ പ്രസ്താവന. കത്തോലിക്ക കുടുംബങ്ങള്‍ ഇത്തരം സംഘങ്ങളെ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.

Content Highlights: Bishop's statement deeply hurts communal harmony- P.T. Thomas